ദരിദ്രരെ അതിദരിദ്രരാക്കുന്ന സ്വകാര്യ മൈക്രോഫിനാൻസുകാർ; വായ്‌പാകെണിയിൽപ്പെട്ട് ബംഗാൾ ഗ്രാമങ്ങൾ

photo credit: the wire
ടി എസ് ശ്രുതി
Published on Jul 04, 2025, 06:56 PM | 5 min read
രംഗം 1
വീടെന്ന് തോന്നിപ്പിക്കുന്ന പാതി തകർന്ന മൺകുടിൽ. ആ കുടിലിനുമുന്നിൽ മോട്ടോർ സൈക്കിൾ പാർക്ക് ചെയ്യുന്ന 30 വയസുള്ള സജൽ*. ഗൗരവത്തോടെ അയാൾ ആ മൺകുടിലിലേക്ക് കയറിച്ചെല്ലുന്നു. ഇരുപത്തിയഞ്ച് വയസ് പ്രായമുള്ള ഷിബാനി* കുട്ടിയുമായി വരാന്തയിൽ ഇരിക്കുന്നു. ദാരിദ്ര്യത്തിന്റെ അടയാളങ്ങൾ ഇരുവരുടെയും മുഖത്ത് പ്രകടമാണ്.
"ഈ ആഴ്ചയിലും നീ ഗഡു അടച്ചിട്ടില്ല. പണം കിട്ടാതെ ഞാൻ ഇവിടെ നിന്നും പോകില്ല," സജൽ പറയുന്നു. തല താഴ്ത്തിക്കൊണ്ട് ഷിബാനി “സർ, അവന്റെ അച്ഛൻ പണി തേടി മുംബൈയിലേക്ക് പോയിട്ടുണ്ട്, ഇതുവരെ പണമൊന്നും അയച്ചിട്ടില്ല. ഞാനും കുഞ്ഞും പ്രായമായ അമ്മായിയമ്മയും മിക്കവാറും പട്ടിണിയിലാണ്. അദ്ദേഹം പണം അയച്ചാലുടൻ ഞാൻ കുടിശിക തന്നുതീർക്കും. ഒരു ഗഡുവിനും മുടക്കം വരുത്തില്ല.”
“എനിക്ക് ഒഴിവുകഴിവുകൾ കേൾക്കണ്ട,” സജലിന്റെ മുഖം മാറുന്നു. ദേഷ്യത്തോടെ അയാൾ “നിങ്ങളുടെ ആടുകൾ, കോഴികൾ, പന്നികൾ തുടങ്ങി എല്ലാം വിൽക്കുക. എന്നിട്ട് കുടിശിക തീർക്കുക. അല്ലെങ്കിൽ പോയി ആത്മഹത്യ ചെയ്യുക. നിങ്ങൾ മരിച്ചാൽ, വായ്പ എഴുതിത്തള്ളും.”
ബങ്കുരയിലെ ബിക്‌ന ഗ്രാമത്തിലുള്ള ഉമാസൂത്രാധറിന്റെ വീട്ടിൽ ഗ്രൂപ്പ്‌യോഗം ചേരുന്നു photo credit: the wire
ഒരു നാടകത്തിലെ രംഗമാണ് ഇതെന്ന് കരുതിയതെങ്കിൽ തെറ്റിപ്പോയി നിങ്ങൾക്ക്. ബംഗാളിലെ ചില ഗ്രാമങ്ങളുടെ 2025ലെ അവസ്ഥയാണിത്. സ്വകാര്യ മൈക്രോഫിനാൻസുകാരാൽ പൊറുതിമുട്ടിയിരിക്കുകയാണ് ഇവിടങ്ങളിലെ ദരിദ്രരായ കുറേ മനുഷ്യർ.
ചെറുകിട വായ്പകളിലൂടെ സ്ത്രീകളെ ശാക്തീകരിക്കുമെന്ന് അവകാശപ്പെടുന്ന ഒരു മൈക്രോഫിനാൻസ് കമ്പനിയായ ബന്ധൻ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിലെ ജോലിക്കാരനാണ് സജൽ. എല്ലാ ആഴ്ചയും, ബംഗാളിലെ ബങ്കുര ജില്ലയിലെ മധബ്പൂർ, ജിലിമിലി, കാന്തലിയ, ബൻസ്ദിഹ, തിലബോണി തുടങ്ങിയ ഗ്രാമങ്ങൾ സന്ദർശിച്ച് വായ്പ തിരിച്ചടപ്പിലാണ് ഇയാളുടെ തൊഴിൽ. വായ്‌പ എടുത്തവർ തവണകൾ അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ സജലിനെ ജോലിയിൽ നിന്ന് പിരിച്ചുവിടും.
ഛട്‌ന ബ്ലോക്കിലെ ഒരു ഗ്രാമത്തിൽ നിന്നാണ് സജൽ വരുന്നത്. നിരാശയോടെയാണ് അയാൾ ഈ ജോലി ചെയ്യുന്നത്. ഗ്രാമത്തിലെ ഒരു അരി മില്ലിലായിരുന്നു സജലിന്റെ പിതാവ് ജോലി ചെയ്തിരുന്നത്. മിൽ അടച്ചുപൂട്ടിയതോടെ ഉപജീവനമാർഗം നഷ്ടപ്പെട്ടു. പ്രതിമാസം 11,000 രൂപയ്ക്കാണ് സജൽ ഈ ജോലിചെയ്യുന്നത്.
തന്റെ വായ്പാ പുസ്തകം കാണിക്കുന്ന ദുലാലി ബൗരിphoto credit: the wire
വീട് നന്നാക്കാൻ ബന്ധൻ ഫിനാൻസിൽ നിന്ന് 25,000 രൂപ കടം വാങ്ങിയതാണ് ഷിബാനി. "ഇൻഷുറൻസായി' 2,000 രൂപ ഫിനാൻസുകാർ പിടിച്ചു. ബാക്കി 23,000 രൂപയ്ക്ക്, 96 ആഴ്ചത്തേക്ക് ആഴ്ചയിൽ 400 രൂപ വീതം ഷിബാനി അടയ്ക്കണം. അതായത് 25,000 രൂപ വായ്‌പ എടുത്തതിന് ഷിബാനി അടയ്ക്കേണ്ടത് 38,400 രൂപ. വായ്‌പ എടുത്തവർ പണം അടയ്ക്കാതിരുന്നാൽ സജലിന് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെ കടം വാങ്ങുന്നയാളും പണം പിരിവുകാരനും ദുഷിച്ച മൈക്രോഫിനാൻസിന്റെ ചുരുളിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഷിബാനിയും സജലും ഒരു ഉദ്ദാഹരണം മാത്രമാണ്. ബംഗാളിലെ ഗ്രാമങ്ങളും നഗരങ്ങളിലെ ചേരികളും ഒരുപോലെ ഇത്തരത്തിൽ സ്വകാര്യ മൈക്രോഫിനാൻസുകാരുടെ ഭീഷണിയിൽ പൊറുതി മുട്ടുകയാണ്.
1990 - 2000 കാലഘട്ടത്തിലാണ് ബംഗാളിൽ മൈക്രോഫിനാൻസ് പ്രവർത്തനം തുടങ്ങുന്നത്. എന്നാൽ ഇവയുടെ പ്രവർത്തനം വിജയകരമായിരുന്നില്ല. ബാങ്കിംഗ് സംവിധാനങ്ങൾ ലഭ്യമല്ലാത്ത സാധാരണക്കാരായ വ്യക്തികൾക്ക് വായ്പപോലുള്ള ചെറിയ സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്യുക എന്നതായിരുന്നു ഇവരുടെ പ്രഖ്യാപിത ലക്ഷ്യം. സ്ത്രീകൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ പ്രഖ്യാപിച്ചു. സ്‌ത്രീകൾക്ക് സ്വയംതൊഴിൽ പരിശീലനം വാഗ്ദാനം ചെയ്തു. എന്നാൽ ഇത്തരത്തിൽ മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ നിലവിലുണ്ടായിരുന്നെങ്കിലും മിക്ക സ്ത്രീകളും ആ സമയത്ത് സർക്കാർ സ്പോൺസർ ചെയ്യുന്ന സ്വയം സഹായ സംഘങ്ങളെയാണ് ആശ്രയിച്ചിരുന്നത്.
എന്നാൽ 2011ഓടെ വില്ലേജ് ഫിനാൻഷ്യൽ സർവീസസ് പോലുള്ള സ്ഥാപനങ്ങൾ ബംഗാളിലെ മൈക്രോഫിനാൻസിന്റെ പ്രവർത്തനങ്ങൾ ഔപചാരികമാക്കാൻ തുടങ്ങി. ഇതിനെ തുടർന്നാണ് ബന്ധൻ ഉയർന്നുവന്നത്. ബംഗാളിനെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രീയ സാഹചര്യത്തിൽ വലിയൊരു മാറ്റം വന്ന സമയമായിരുന്നു ഇത്. അതോടെ സംസ്ഥാനം സ്പോൺസർ ചെയ്ത സ്വാശ്രയ സംഘ സംരംഭങ്ങളുടെ പ്രവർത്തനത്തിൽ വലിയ ഇടിവ് ഉണ്ടായി. സ്വയം സഹായ സംഘങ്ങൾ കടലാസിൽ മാത്രമായി.
ബങ്കുരയിലെ സോനാമുഖി, ജിലിമിലി, ജോയ്പൂർ, പുർബ ബർധമാനിലെ മെമാരി, ഗാൽസി, സൗത്ത് 24 പർഗാനാസിലെ കുൽതാലി തുടങ്ങിയ പ്രദേശങ്ങളിൽ സ്വയം സഹായ സംഘങ്ങളിൽ(എസ്‌എച്ച്‌ജി) അഴിമതി ആരോപണങ്ങൾ ഉയർന്നുവന്നതായി പശ്ചിമ ബംഗാളിലെ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ അസിസ്റ്റൻ്റ് സെക്രട്ടറി സുദീപ ബാനർജി പറഞ്ഞു. ഈയൊരു ഘട്ടത്തിലാണ് സംസ്ഥാനത്തുടനീളം സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികൾ കൂണുപോലെ മുളയ്ക്കാൻ തുടങ്ങിയത്. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എസ്‌എച്ച്‌ജിയുടെ പ്രവർത്തനങ്ങൾ നിലച്ചതോടെ സ്ത്രീകൾ ഈ സ്വകാര്യ ഫിനാൻസുകാരെ ആശ്രയിക്കാൻ നിർബന്ധിതരായി.
ബങ്കുരയിലെ സ്കൂൾ ഡംഗയിൽ താമസിക്കുന്ന ചാന്ദ്‌നി ബീഗം photo credit: the wire
23.8 ലക്ഷം സ്‌ത്രീകളാണ് നിലവിൽ മൈക്രോഫിനാൻസുകളിൽ നിന്ന് വായ്പ എടുത്തിട്ടുള്ളത്. ഏറ്റവും കൂടുതൽ വായ്പ എടുത്തിരിക്കുന്നത് മൂന്ന് ജില്ലകളിലുള്ളവരാണ്. മുർഷിദാബാദ്( 3,991 കോടി രൂപ),നോർത്ത് 24 പർഗാനാസ്(3,090 കോടി രൂപ), സൗത്ത് 24 പർഗാനാസ്(2,096 കോടി രൂപ). സംസ്ഥാനമൊട്ടാകെയുള്ള ശരാശരി കടബാധ്യത 1.47% ആണ്. ഝാർഗ്രാം (8.22%), പുരുലിയ (2.70%), പശ്ചിമ മേദിനിപൂർ (2.44%) തുടങ്ങിയ ചില ജില്ലകളിൽ കടബാധ്യത ഗണ്യമായി ഉയർന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കുറഞ്ഞ കടബാധ്യതയുള്ള ജില്ലകൾ കലിംപോങ് - 0.55%, നോർത്ത് ദിനാജ്പൂർ - 0.56%, കൂച്ച് ബെഹാർ - 0.80% എന്നിവയാണ്.
നിലവിൽ സംസ്ഥാനത്തുടനീളം 26 മൈക്രോഫിനാൻസ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്
● ബന്ധൻ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (ഏറ്റവും വലിയ വായ്പാദാതാവ്)
● വിഎഫ്എസ് ക്യാപിറ്റൽ ലിമിറ്റഡ്
● സത്യ മൈക്രോ ക്യാപിറ്റൽ ലിമിറ്റഡ്
● ആശിർവാദ് ഫിനാൻഷ്യൽ സർവീസസ്
● ഇൻഡസ്ഇൻഡ് ബാങ്ക് മൈക്രോഫിനാൻസ്
● മുത്തൂറ്റ് മൈക്രോഫിനാൻസ്
● ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷൻ ലിമിറ്റഡ്
● ആശാ മൈക്രോഫിനാൻസ് ഗ്രാമീൺ ശക്തി മൈക്രോഫിനാൻസ് സർവീസസ് ലിമിറ്റഡ് എന്നിവയാണ് അവയിൽ ചിലത്.
ബംഗാളിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഇരുണ്ട ചിത്രം മനസിലാകണമെങ്കിൽ സംസ്ഥാന ബാങ്കേഴ്‌സ് കമ്മിറ്റി (എസഎഎൽബിസി) അടുത്തിടെ പുറത്തുവിട്ട കണക്കുകൾ പരിശോധിച്ചാൽ മനസിലാകും. "ബാങ്കുകൾ ചെറുകിട വ്യവസായങ്ങൾക്ക് വായ്പകൾ നൽകാൻ മടിക്കുന്നു. തിരിച്ചടവ് മുടങ്ങുമെന്ന് ഭയന്ന് പലപ്പോഴും ഇവർ വായ്പ് നൽകുന്നില്ല. സ്ഥിര ശമ്പളക്കാർക്കും സമ്പന്നർക്കും ശരിയായ ആദായനികുതി രേഖകൾ ഉള്ളവർക്കുമാണ് മിക്ക വായ്പകളും അനുവദിക്കുന്നത്.
മൈക്രോഫിനാൻസിന്റെ ഉയർച്ച
മുമ്പ് ബംഗിയ ഗ്രാമീൺ ബാങ്ക് പോലുള്ള ഗ്രാമീണ ബാങ്കുകൾ പാവപ്പെട്ടവർക്ക് വിശ്വസനീയമായ സ്ഥാപനങ്ങളായിരുന്നു. "1990-കളിൽ നരസിംഹം കമ്മിറ്റി ബാങ്കുകൾ ഏകീകരിക്കാൻ ശുപാർശ ചെയ്തതോടെ രാജ്യത്തെ ഗ്രാമീണ ബാങ്കുകളുടെ എണ്ണം 196-ൽ നിന്ന് 43 ആയി കുറഞ്ഞു. ബംഗാളിൽ 9- എന്ന കണക്ക് അതോടെ 3 ആയി.
ലാഭം കൊയ്യാൻ വേണ്ടി പ്രവർത്തിക്കേണ്ടവരല്ല ഗ്രാമീണ ബാങ്കുകൾ. കൊള്ളക്കാരായ പണമിടപാടുകാരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയാണ് ഈ സ്ഥാപനങ്ങളുടെ ലക്ഷ്യം. എന്നാൽ ഇന്ന് അവ കോർപ്പറേറ്റുകളെപ്പോലെയാണ് പ്രവർത്തിക്കുന്നത്. കർഷകർ ഇപ്പോൾ അവരുടെ വായ്പ തുകയ്ക്ക് തുല്യമായ സ്ഥിര നിക്ഷേപം നടത്തേണ്ടതുണ്ട്. ഇത് പാവപ്പെട്ട മനുഷ്യനെ ദുരിതത്തിലേയ്ക്കാണ് തള്ളിവിടുന്നത്. ഈ അവസരം മുതലെടുത്താണ് സ്വകാര്യ മൈക്രോഫിനാൻസുകാർ ഉയർന്നു വന്നത്. കേന്ദ്ര സർക്കാർ പുതിയ മൈക്രോഫിനാൻസ് കമ്പനികൾക്ക് ലൈസൻസ് നൽകുന്നതിൽ ഇളവ് വരുത്തിയത് ഇവയുടെ വളർച്ചയെ ത്വരിതപ്പെടുത്തി.
ഗ്രാമീണരുടെ ഉപജീവനത്തിന് വലിയ ആഘാതമുണ്ടാക്കിക്കൊണ്ട് കഴിഞ്ഞ മൂന്ന് വർഷമായി എംജിഎൻആർഇജിഎ പ്രവർത്തനങ്ങൾ നിർത്തിവച്ചതാണ് ഇവരുടെ വളർച്ചയുടെ മറ്റൊരുകാരണം. ഏകദേശം 7 കോടിയിലധികം പേർ താമസിക്കുന്ന ഗ്രാമപ്രദേശങ്ങളിൽ 2021–22 ൽ 51,13,336 സ്ത്രീകൾക്കാണ് എംജിഎൻആർഇജിഎ പദ്ധതി പ്രകാരം ജോലി ലഭിച്ചത്. അതുപ്രകാരം ഓരോ സ്ത്രീയും പ്രതിവർഷം ഏകദേശം 15,000 രൂപയാണ് സമ്പാദിച്ചത്.
എന്നാൽ ബംഗാളിലെ എംജിഎൻആർഇജിഎയിൽ അഴിമതി ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ഫണ്ട് നിർത്തിവച്ചു. ഈ പദ്ധതി സജീവമായിരുന്നെങ്കിൽ ഈ പണം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് കാരണമാകുമായിരുന്നു.
എന്തുകൊണ്ട് സ്‌ത്രീകൾ?
എംഎഫ്ഐ സാധാരണയായി പ്രാദേശികമായുള്ള ബ്രോക്കർമാരുടെയോ ഫീൽഡ് ഏജന്റുമാരുടെയോ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. വിവാഹിതരായ സ്ത്രീകൾക്ക് മാത്രമേ വായ്പകൾ നൽകൂ. അതിനായി കുറഞ്ഞത് 10 വിവാഹിതരായ സ്ത്രീകളുടെ ഒരു ഗ്രൂപ്പ് രൂപീകരിക്കുക എന്നതാണ് ആദ്യപടി. എന്നാൽ എന്തുകൊണ്ട് സ്‌ത്രീകൾ എന്നൊരു ചോദ്യം ഇവിടെ ഇയർന്നുവരും. "സ്ത്രീകളിൽ നിന്ന് വായ്പകൾ തിരിച്ചുപിടിക്കാൻ എളുപ്പമാണ്. ആത്മാഭിമാനം കാരണം അവർ എന്തുതന്നെയായാലും തവണകൾ തിരിച്ചടയ്ക്കും. അതിനുവേണ്ടി പലപ്പോഴും അവർ അധിക ജോലികൾ ചെയ്യും. വീടിന് പുറത്ത് അധികം പോകാത്തതിനാൽ തന്നെ അവരെ കണ്ടെത്താൻ എളുപ്പമാണ്.” ആശ മൈക്രോഫിനാൻസിലെ ഒരു ഫീൽഡ് ഏജന്റിന്റെ വാക്കുകളാണിവ.
ഒരു ഗ്രൂപ്പ് രൂപീകരിച്ചുകഴിഞ്ഞാൽ, ഓരോ അംഗത്തിനും ഏതാനും ദിവസങ്ങൾക്കുള്ളിൽ 20,000 രൂപ വായ്പ ലഭിക്കും. ഗ്രൂപ്പിലെ ഒരാൾ തിരിച്ചടവ് മുടക്കിയാൽ ഗ്രൂപ്പിലെ മറ്റെല്ലാവരുടെയും വായ്പകൾ റദ്ദാക്കുമെന്ന് ഫിനാൻസുകാർ അംഗങ്ങളോട് പറയുന്നു.
മൈക്രോഫിനാൻസ് ഗ്രൂപ്പിന്റെ യോഗം photo credit: the wire
കെണികൾ
എംഎഫ്ഐകൾ സാധാരണയായി ഉപയോഗിക്കുന്ന മറ്റൊരു തന്ത്രം തുടർച്ചയായി വായ്പ എടുപ്പിക്കുക എന്നതാണ്. കടം വാങ്ങുന്നയാൾ അഞ്ച് മുതൽ ഏഴ് വരെ ഗഡുക്കൾ അടച്ചുകഴിഞ്ഞാൽ പുതിയ വായ്പയ്ക്ക് യോഗ്യയാണെന്ന് അവരോട് പറയും. തുടർന്ന് പുതിയ വായ്‌പ നൽകും. എന്നാൽ പുതിയ വായ്പയിൽ നിന്ന് പഴയതിന്റെ കുടിശിക കുറയ്ക്കുകയും ഇൻഷുറൻസിനായി അധിക ചാർജുകൾ ഈടാക്കുകയും ചെയ്യും. അതിനാൽ വളരെ കുറച്ച് പണം മാത്രമേ അവരുടെ കൈയിൽ കിട്ടുകയുള്ളൂ. എന്നാൽ പലിശയോ ഉയർന്ന നിരക്കിലായിരിക്കും. ഇത്തരത്തിൽ നിരക്ഷരരായ ദരിദ്രരായ പാവം ഗ്രാമീണ സ്‌ത്രീകളെ അതിദാരിദ്ര്യത്തിലേക്ക് തള്ളി വിടുന്ന സ്വകാര്യ മൈക്രോഫിനാൻസുകാർ ബംഗാൾ ഗ്രാമങ്ങളെ ഒരു കാൻസർ പോലെ പിടി കൂടിയിരിക്കുകയാണ്.
'ദ വയർ' പ്രസിദ്ധീകരിച്ച ലേഖനത്തിനെ അടിസ്ഥാനമാക്കിയുള്ളത്. (In Rural Bengal, Microfinance Loan Traps Are Created Out of Circumstance and Lack of Information)









0 comments