2025ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ദുർബലപ്പെടുമെന്ന് ഐഎംഎഫ്

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2025ൽ കൂടുതൽ ദുർബലപ്പെടുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ്. അമേരിക്കയുടെ വ്യാപാരനയങ്ങളുമായി ബന്ധപ്പെട്ട് ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ അനിശ്‌ചിതത്വം 2025ൽ സംഭവിക്കാമെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്‌റ്റലീന ജോർജീവ പറഞ്ഞു.
അമേരിക്കയുടെ പ്രകടനം പ്രതീക്ഷിച്ചതിലും മെച്ചപ്പെടും. യൂറോപ്യൻ യൂണിയൻ മാറ്റമില്ലാതെ തുടരും. ചൈന പണചുരുക്ക സമർദ്ദത്തെ അഭിമുഖീകരിക്കുകയാണ്. 2025ൽ പൊതുവിൽ ആഗോളവളർച്ച സുസ്ഥിരമായിരിക്കും. എന്നാൽ പ്രാദേശികമായി ചില മാറ്റങ്ങളുമുണ്ടാകും–- ജോർജീവ പറഞ്ഞു.
നടപ്പുസാമ്പത്തികവർഷം ഇന്ത്യയുടെ ജിഡിപി വളർച്ച 6.4 ശതമാനത്തിലേക്ക് ഇടിയുമെന്ന് ദേശീയ സ്ഥിതിവിവര കാര്യാലയത്തിന്റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഐഎംഎഫിന്റെ മുന്നറിയിപ്പ്. 2023–-24 സാമ്പത്തികവർഷത്തിൽ 8.2 ശതമാനം വളർച്ച രാജ്യം കൈവരിച്ചിരുന്നു. ഇതിൽനിന്ന് ഏതാണ്ട് രണ്ടുശതമാനത്തെ ഇടിവാണ് നടപ്പുവർഷം സ്ഥിതിവിവര കാര്യാലയം പ്രവചിക്കുന്നത്.
നാലുവർഷത്തെ കുറഞ്ഞ വളർച്ചനിരക്കിലേക്ക് ഇന്ത്യ കൂപ്പുകുത്തുമെന്നാണ് വിവിധ ധനകാര്യ ഏജൻസികളുടെ പ്രവചനം. ഉൽപ്പന്നനിർമാണ മേഖലയിലെ മുരടിപ്പും നിക്ഷേപത്തിൽ വന്ന ഇടിവുമാണ് സമ്പദ്‌വ്യവസ്ഥയെ പിന്നോക്കം വലിക്കുന്നത്.









0 comments