ഐഎംഎഫിന്റെ ഇന്ത്യൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടറെ പുറത്താക്കി സർക്കാർ; തീരുമാനം ആറ് മാസം കാലാവധി ശേഷിക്കെ

PHOTO: Instagram/@prof_kvsubbu
ന്യൂഡൽഹി: അന്താരാഷ്‌ട്ര നാണയനിധിയുടെ (ഐഎംഎഫ്) ഇന്ത്യൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ. കെ വി സുബ്രമണ്യത്തെ പിരിച്ചുവിട്ട് സർക്കാർ. സുബ്രമണ്യത്തിന്റെ കാലാവധി അവസാനിക്കാൻ ആറ് മാസം ബാക്കി നിൽക്കെയാണ് സർക്കാർ നടപടി. പാകിസ്ഥാനുമായുള്ള സാമ്പത്തിക സഹായം അവലോകനം ചെയ്യാനുള്ള യോഗം ഈ മാസം ഒൻപതിന് ചേരാനിരിക്കെയാണ് ഉദ്യോഗസ്ഥനെ സ്ഥാനത്ത് നിന്ന് സർക്കാർ പിൻവലിച്ചത്.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചീഫ് ഇക്കോണമിക് ഓഫീസറായി സേവനമനുഷ്‌ടിക്കവെ 2022ലാണ് സുബ്രമണ്യം ഐഎംഎഫിന്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടേറ്ററായി സ്ഥാനമേൽക്കുന്നത്. നവംബർ 25ന് സുബ്രമണ്യത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഉദ്യോഗസ്ഥനെ പിരിച്ചുവിടാനുള്ള സർക്കാർ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എസിസിയുടേതാണ് തീരുമാനം.
ഐഎംഎഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ ഡോ. കെ വി സുബ്രമണ്യനെ ആ സ്ഥാനത്ത് നീക്കാൻ എസിസി (അപ്പോയ്‌മെന്റ കമ്മിറ്റി ഓഫ് ദ കാബിനറ്റ്) തീരുമാനിച്ചിരിക്കുന്നതായി സർക്കാർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. എന്തിനാണ് ഉദ്യോഗസ്ഥനെ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് അധീകൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.









0 comments