ബംഗളൂരുവിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: ഓറഞ്ച് അലർട്ട്

ബംഗളൂരൂ : ബംഗളൂരുവിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായർ രാത്രി തുടങ്ങി തിങ്കൾ പകൽ വരെ തുടർച്ചയായി പെയ്ത മഴയിൽ നഗരം വെള്ളക്കെട്ടിൽ മുങ്ങി. മഴക്കെടുതിയെ തുടർന്നുണ്ടായ അപകടത്തിൽ 3 പേർ മരിച്ചതായാണ് വിവരം. അഞ്ഞൂറോളം വീടുകളിൽ വെള്ളം കയറി. ഇരുപതിലധികം പുഴകൾ മഴ മൂലം കരകവിഞ്ഞൊഴുകിയതും വെള്ളക്കെട്ടിന് ആക്കം കൂട്ടി. തെരുവുകളിലും ഫ്ലെ ഓവറുകളിലും അണ്ടർപാസുകളിലുമടക്കം വെള്ളക്കെട്ടായതോടെ ഗതാഗതം പൂർണമായി തടസപ്പെട്ടു.
ഇന്നും നഗരത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം നഗരത്തിൽ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കർണാടകത്തിലെ മറ്റു പല പ്രദേശങ്ങളിലും യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. 8 സെന്റീമീറ്റർ മുതൽ 10 സെന്റീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളതിനാലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചതെന്ന് ബംഗളൂരു കാലാവസ്ഥാ വകുപ്പിന്റെ ബംഗളൂരു സെന്റർ ഡയറക്ടർ എൻ പുവിയരസു പറഞ്ഞു. ബംഗളൂരുവിലെ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
രണ്ട് ദിവസങ്ങളായി പെയ്ത കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. മരങ്ങൾ കടപുഴകി വീഴുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നഗരത്തിലാകെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ, കോലാർ, ചിക്കബെല്ലാപുര, തുമകുരു, മാണ്ഡ്യ, മൈസൂരു, ഹാസൻ, കുടക്, ബെലഗാവി, ബിദാർ, റായ്ച്ചൂർ, യാദ്ഗിർ, ദാവൻഗരെ, ചിത്രദുർഗ എന്നീ ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായത്. സായി ലേഔട്ടും ഹൊറമാവ് പ്രദേശത്തുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. വെള്ളക്കെട്ട് തടയുന്നതിൽ നഗരത്തിലെ ഡ്രെയിനേജ് സംവിധാനം പരാജയപ്പെട്ട അവസ്ഥയാണ്. വീടുകളിലും, പൊതുനിരത്തുകളിലും വൻതോതിൽ വെള്ളം കയറി. ദുരിതബാധിതരായ താമസക്കാരെ ഉദ്യോഗസ്ഥർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.







0 comments