'പഹൽഗാം ഭീകരരുമായി ബന്ധം, വെർച്വൽ അറസ്റ്റ്'; വയോധികന് നഷ്ടമായത് ലക്ഷങ്ങൾ

ഹൈദരാബാദ്: പഹൽഗാം ഭീകരരുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 68കാരനിൽ നിന്ന് പണം തട്ടിയെടുത്തു. ഹൈദരാബാദ് സ്വദേശിയായ വയോധികന് 26 ലക്ഷം രൂപയാണ് നഷ്ടമായത്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) എന്നിവയിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
സെപ്തംബർ 17നും19നും ഇടയിലാണ് തട്ടിപ്പ് നടന്നത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസുകളിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും പ്രതിചേർത്തിട്ടുണ്ടെന്നു പറഞ്ഞാണ് തട്ടിപ്പ് സംഘം ആദ്യം ഫോൺ ചെയ്തത്. പിന്നാലെ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തീവ്രവാദിയിൽ നിന്ന് 70 ലക്ഷം രൂപ അക്കൗണ്ടിൽ എത്തിയതിന് തെളിവുണ്ടെന്ന് പറഞ്ഞ് വ്യാജ അറസ്റ്റ് വാറണ്ടുകളും വ്യാജ ആർബിഐ കത്തുകളും കാട്ടി വെർച്വൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
ഇതോടെ ഭാര്യയുടെയും തന്റെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 26 ലക്ഷത്തിലധികം രൂപ ഇയാൾ തട്ടിപ്പുകാർക്ക് അയച്ചുനൽകുകയായിരുന്നു. വിവരമറിഞ്ഞ കുടുംബാംഗങ്ങൾ സംശയം പ്രകടിപ്പിച്ചതോടെ വയോധികൻ സൈബർ ക്രൈം ഹെൽപ്പ് ലൈനിൽ (1930) പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് അന്വേഷണം തുടങ്ങി.









0 comments