പ്രണയ വിവാഹത്തെ തുടർന്ന് തമിഴ്നാട്ടിൽ ദുരഭിമാനക്കൊല: മയിലാടുംതുറയിൽ വ്യാപക പ്രതിഷേധം

ചെന്നൈ: തമിഴ്നാട് മയിലാടുംതുറയിലെ ഡിവൈഎഫ്ഐ നേതാവ് വൈരമുത്തുവിന്റെ ദുരഭിമാനക്കൊലയിൽ വ്യാപക പ്രതിഷേധം. തിങ്കളാഴ്ച രാത്രി വൈരമുത്തുവിനെ (28) ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മയിലാടുംതുറ സ്വദേശിനിയുമായുള്ള പ്രണയബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അടിയമംഗലത്തിൽ മെക്കാനിക്കായ വൈരമുത്തു ഡിവൈഎഫ്ഐ മയിലാടുംതുറ യുണിറ്റിന്റെ വൈസ് പ്രസിഡന്റാണ്.
ദളിത് വിഭാഗത്തിൽപ്പെട്ട വൈരമുത്തു അതേവിഭാഗത്തിൽപ്പെട്ട മാലിനിയെ പ്രണയിച്ച് വിവാഹം ചെയ്തിരുന്നു. മാലിനിയുടെ അമ്മ വിജയ ഈ ബന്ധത്തെ എതിർത്തിരുന്നു. വിജയ മറ്റൊരു ജാതിയിൽ നിന്നുള്ളയാളായതിനാലാണ് ഇരുവരുടേയും വിവാഹം എതിർത്തതെന്നാണ് റിപ്പോർട്ട്. പരാതികൾ ലഭിച്ചതിനെതുടർന്ന് ഇരുകടുംബക്കാരെയും കഴിഞ്ഞ 14ന് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. വൈരമുത്തുവിനെ വിവാഹം ചെയ്യാനാണ് തന്റെ തീരുമാനമെന്ന് മാലിനി വ്യക്തമാക്കിയിരുന്നു. തുടർന്ന് മാലിനി വൈരമുത്തുവിനെ വിവാഹം ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച വിവാഹം രജിസ്റ്റർചെയ്യാനുള്ള രേഖകൾ എടുക്കുന്നതിനും ജോലി ആവശ്യങ്ങൾക്കുമായി മാലിനി ചെന്നൈയിലേക്ക് പോയി. വൈരമുത്തു തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ അടിയമംഗലത്തിന് സമീപം വച്ച് അജ്ഞാതസംഘം അരിവാൾകൊണ്ട് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വൈരമുത്തുവിനെ ഉടൻ തന്നെ മയിലാടുംതുറയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാലിനിയുടെ സഹോദരങ്ങളുൾപ്പെടെ പത്ത് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതായി എസ്‍പി ജി സ്റ്റാലിൽ പറഞ്ഞു. ദുരഭിമാനക്കൊലയിൽ സിപിഐ എം പ്രതിഷേധിച്ചു. തമിഴ്നാട് തൊട്ടുകൂടായ്മ നിർമാർജന മുന്നണി, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ, വിടുതലൈ ചിരുതൈഗൽ പാർടി, വൈരമുത്തുവിന്റെ ബന്ധുക്കൾ, ഗ്രാമവാസികൾ എന്നിവർ ചേർന്ന് മയിലാടുതുറൈ സർക്കാർ ആശുപത്രിക്ക് സമീപം റോഡ് ഉപരോധിച്ചു.
ജാതി അടിസ്ഥാനമാക്കിയുള്ള ദുരഭിമാനക്കൊലയാണ് വൈരമുത്തുവിന്റെേതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം പ്രസ്താവനയിൽ പറഞ്ഞു. മുമ്പ് പൊലീസിന്റെ സാന്നിധ്യത്തിൽ തന്നെ വൈരമുത്തുവിനെതിരെ പരസ്യമായ ഭീഷണികൾ ഉയർന്നിരുന്നെങ്കിലും അദ്ദേഹത്തിനോ കുടുംബത്തിനോ സംരക്ഷണം നൽകിയില്ലെന്നും ഇത് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചെന്നും പ്രസ്താവനയിൽ അദ്ദേഹം ആരോപിച്ചു.
ദുരഭിമാനക്കൊലയിൽ ഉൾപ്പെട്ട എല്ലാ കുറ്റവാളികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും, എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നും വൈരമുത്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പ്രസ്താവനയിൽ സിപിഐ എം ആവശ്യപ്പെട്ടു. വൈരമുത്തുവിന്റെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും തമിഴ്നാട്ടിൽ ആവർത്തിച്ചുവരുന്ന ദുരഭിമാനക്കൊലകൾ തടയാൻ പ്രത്യേക നിയമം നടപ്പിലാക്കണമെന്നും സംസ്ഥാന സർക്കാരിനോട് പാർടി ആവശ്യപ്പെട്ടു.









0 comments