ഹോളി പാർടിക്കിടെ തമ്മിൽ തല്ലി: ബംഗളൂരുവിൽ 3 പേർ കൊല്ലപ്പെട്ടു

ബംഗളൂരു : ബംഗളൂരുവിൽ ഹോളി പാർടിക്കിടെ തൊഴിലാളികൾ തമ്മിലുണ്ടായ സംഘട്ടനത്തിന് തുടർച്ചായി മൂന്നു പേർ കൊല്ലപ്പെട്ടു. നഗരത്തിന് ചേർന്ന് ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ താമസിക്കുന്ന സബ്അർബിലാണ് സംഭവം.
പാർടിക്കിടെ മദ്യപിച്ച കൊല്ലപ്പെട്ട യുവാക്കളിലൊരാൾ മറ്റൊരു യുവതിയെപ്പറ്റി മോശം പരാമർശം നടത്തിയതാണ് തർക്കത്തിന് തുടക്കമിട്ടതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പരസ്പരം ആക്രമിച്ചു.
മരിച്ചവർ അനസ് (22) രാധേ ശ്യാം (23) ദീപു എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നു പേരും ബിഹാറിൽ ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്.
അനേകൽ സബ് അർബിലുള്ള നിർമ്മാണത്തിലിരിക്കുന്ന അപാർട്മെന്റിന്റെ താഴെ വച്ചാണ് ആക്രമണം നടന്നത്. ഒരാളുടെ മൃതദേഹം അപാർട്മെന്റിന്റെ പാസേജിലും മറ്റൊരാളുടേത് മുറിക്കുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്. മൂന്നാമത്തെ മൃതദേഹം അപാർട്മെന്റിന്റെ മുറ്റത്ത് കിടക്കുന്ന നിലയിലായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. മറ്റു രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.









0 comments