ഹോളി; ഉത്തരേന്ത്യയിൽ വ്യാപക സംഘർഷം

holi clashes
വെബ് ഡെസ്ക്

Published on Mar 15, 2025, 01:47 PM | 2 min read

ന്യൂഡൽഹി: ഹോളി ആഘോഷത്തിനിടെ ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ സംഘർഷം. ജാർഖണ്ഡ്‌, ബംഗാൾ, പഞ്ചാബ്‌, ഉത്തർ പ്രദേശ്‌ സംസ്ഥാനങ്ങളിലാണ് സംഘർഷങ്ങൾ ഉണ്ടായത്. സംഘർഷങ്ങളിൽ പരിക്കേറ്റവരിൽ ചിലർ മരിച്ചതായി എബിപി ലൈവ്‌ റിപ്പോർട്ട്‌ ചെയ്‌തു.


ജാർഖണ്ഡിലാണ്‌ കൂടുതൽ സ്ഥിതി വഷളായത്‌. ജാർഖണ്ഡിലെ ഗിരിധിൽ സംഘർഷത്തിൽ നിരവധി പേർക്ക്‌ പരിക്കേറ്റു. മൂന്ന് കടകൾ കത്തിച്ചു. ആഘോഷങ്ങളുടെ ഭാഗമായ ഘോഷയാത്രയ്‌ക്കിടെ ഇരുവിഭാഗങ്ങൾ പരസ്‌പരം കല്ലെറിഞ്ഞതാണ്‌ പ്രശ്‌നങ്ങൾക്ക്‌ കാരണമായത്‌.


പശ്ചിമ ബംഗാളിൽ ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്‌. ടിഎംസി പ്രവർത്തകൻ ആകാശ്‌ ചൗധരി എന്നയാളാണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തിൽ പവൻ രാജ്ഭർ എന്നയാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു.


മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ഹോളി ആഘോഷത്തിനിടയിൽ മസ്‌ജിദിനുനേരെ ആക്രമണമുണ്ടായി. പൊലീസ് നോക്കിനിൽക്കുമ്പോഴായിരുന്നു ആക്രമണം. പള്ളിയിൽ പ്രാർഥന നടക്കുന്ന സമയം ‘ജയ്‌ശ്രീറാം’ വിളിച്ച്‌ ഗേറ്റ്‌ പൊളിച്ച്‌ അകത്തുകയറിയ സംഘം അകത്തേക്ക്‌ കളർപൊടികൾ എറിഞ്ഞു. ഇത് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിലേക്ക്‌ നയിച്ചു.



പഞ്ചാബിലെ ലുധിയാനയിൽ ഡിജെ സംഗീതത്തിന്റെ അകമ്പടിയിൽ ഹോളി ആഘോഷത്തിനിടെ സംഘർഷമുണ്ടാവുകയും രണ്ട്‌ പേർക്ക്‌ പരിക്കേൽക്കുകയും ചെയ്തു. ബിഹാരി കോളനിയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോളി ആഘോഷത്തിനിടെ ഡിജെ വച്ചതിനെച്ചൊല്ലി രണ്ട്‌ ഗ്രൂപ്പുകൾക്കിടയിൽ രൂക്ഷമായ തർക്കം ഉടലെടുക്കുകയായിരുന്നു. ഇത് രൂക്ഷമായതോടെ, ഇരുവിഭാഗവും ഇഷ്ടികകൾ, കല്ലുകൾ, മറ്റ് വസ്തുക്കൾ എന്നിവ എടുത്ത്‌ എറിഞ്ഞു.


റംസാന്റെ ഭാഗമായി ‘സെഹ്രി’ ആഘോഷിക്കാൻ പോകുന്നതിനു തൊട്ടുമുമ്പായി അലിഗഢിൽ 25 വയസ്സുള്ള ഒരാൾ വെടിയേറ്റ് മരിച്ചു. റോറാവറിലെ തെലിപാഡയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. ക്രിക്കറ്റ് മത്സരം കളിച്ച് വീട്ടിലേക്ക് മടങ്ങിയ ഹാരിസ് എന്നയാൾ വീടിന് പുറത്ത് സെഹ്രി ആഘോഷിക്കാൻ കാത്തിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്‌.


ഹോളി ഘോഷയാത്രയിൽ പങ്കെടുത്ത രണ്ട് ഗ്രൂപ്പുകൾ ഷാജഹാൻപൂരിൽ അജ്ഞാതമായ വിഷയത്തിൽ ഏറ്റുമുട്ടി. പൊലീസ്‌ ഇടപെട്ടപ്പോൾ അവർക്ക് നേരെ ചെരിപ്പും കല്ലും എറിയുകയും ചെയ്തു. ഉത്തർപ്രേദേശിലെ ഗ്രേറ്റർ നോയിഡയിലും സംഘർഷങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌.


ബിഹാറിലെ ധോരയ്യയിൽ മരണവീട്ടിൽ പോയി മടങ്ങിയ സ്‌ത്രീകളുൾപ്പെട്ട മുസ്ലിം കുടുംബത്തിന്‌ നേരെ ചെളിവെള്ളം ഒഴിച്ചു. രാജസ്ഥാനിലെ റാൽവാസിൽ കളർപൊടി പൂശാൻ അനുവദിക്കാത്ത 25കാരനെ മൂന്നംഗ സംഘം കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തി.


റംസാൻ മാസത്തിലെ വെള്ളിയാഴ്‌ചയും ഹോളിയും ഒരുമിച്ച്‌ എത്തിയതിനെ തുടർന്ന്‌ യുപി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളിൽ നിന്ന്‌ വിവാദ പരാമർശങ്ങൾ ഉയർന്നിരുന്നു. ഹോളി ആഘോഷത്തിന്‌ മുന്നോടിയായി യുപിയിൽ മസ്ജിദുകൾ ടാർപോളിൻ ഇട്ട് മൂടുകയും ആയിരങ്ങളെ തടങ്കലിലാക്കുകയും ചെയ്തു.


സംഭലിൽ 1,015 പേരെയാണ് വ്യാഴാഴ്‌ച അനധികൃതമായി തടഞ്ഞുവച്ചത്. ഹിന്ദുക്ഷേത്രം നിലനിന്നിരുന്നു എന്ന്‌ ആർഎസ്‌എസ്‌ ആരോപിക്കുന്ന ഷാഹി ജുമാ മസ്ജിദടക്കം 12 മസ്‌ജിദുകളാണ് മറച്ചുകെട്ടിയത്‌. യുപിയിലെ ബറേലിയിൽ 109, ഷാജഹാൻപുരിൽ 67, അലിഗഡിൽ 3 മസ്‌ജിദും മറച്ചു. സർക്കാർ ഭീഷണിയിൽ പലയിടത്തും ജുമാ നമസ്‌കാരത്തിന്റെ സമയം പകൽ രണ്ടരയാക്കി മാറ്റിക്കുകയും ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Home