ഹോളിയും വെള്ളിയാഴ്‌ച നമാസും ഒരുമിച്ച്‌: ഉത്തരേന്ത്യയിൽ മുസ്ലിം വിദ്വേഷം കത്തുന്നു

holi namaz
avatar
അഖില ബാലകൃഷ്ണൻ

Published on Mar 12, 2025, 12:51 AM | 1 min read

ന്യൂഡൽഹി : റംസാൻ മാസത്തിലെ വെള്ളിയാഴ്ച നമാസും ഹോളിയും ഒരുദിവസമെത്തിയതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന്‌ മുസ്ലിങ്ങൾക്കെതിരായ വിദ്വേഷം ആളിക്കത്തുന്നു. നിരവധി അക്രമസംഭവങ്ങളാണ്‌ ഓരോ ദിവസവും പുറത്തുവരുന്നത്‌. ഭരണകേന്ദ്രങ്ങൾ മുന്നിൽ നിന്നാണ്‌ മുസ്ലിം വിരോധം പ്രചരിപ്പിക്കുന്നത്‌. രണ്ടു ദിവസം മുമ്പാണ്‌ ഹോളി ദിവസം മുസ്ലിങ്ങൾ വീട്ടിലിരിക്കണമെന്ന പ്രസ്താവനയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പൊതുവേദിയിലെത്തിയത്‌.


പിന്നാലെ കൂടുതൽ ബിജെപി നേതാക്കൾ വിദ്വേഷ പ്രസംഗങ്ങളുമായെത്തി. ഹോളി ദിവസം മുസ്ലിങ്ങൾ ടാർപോളിൻ കൊണ്ടുണ്ടാക്കിയ ഹിജാബ്‌ ധരിച്ചാൽ മതിയെന്നാണ്‌ ബിജെപി നേതാവ്‌ രഘുരാജ്‌ സിങ് ചൊവ്വാഴ്ച പറഞ്ഞത്‌. സംഘർഷമൊഴിവാക്കണമെങ്കിൽ മുസ്ലിങ്ങൾ വീട്ടിൽ നിന്ന്‌ പുറത്തിറങ്ങരുതെന്നായിരുന്നു ബിഹാർ ബിജെപി എംഎൽഎ ഹരിഭൂഷൺ ഠാക്കൂറിന്റെ ഭീഷണി. ഹിന്ദുയുവാക്കൾ അന്യമതത്തിലെ പെൺകുട്ടികളെ വിവാഹം ചെയ്ത്‌ ഹിന്ദുമതത്തിലേക്ക്‌ കൊണ്ടുവരണമെന്നാണ്‌ വിഎച്ച്‌പി നേതാവ്‌ ചക്രവർത്തി സൂലിബെലെ പറഞ്ഞത്‌. യുപിയിലെ ബല്ലിയ മെഡിക്കൽ കോളേജിൽ മുസ്ലിം വിദ്യാർഥികളെയും സ്റ്റാഫുകളെയും കയറ്റരുതെന്നും അവർക്കായി പ്രത്യേകം കെട്ടിടം പണിയണമെന്നുമുള്ള ബിജെപി എംഎൽഎ കേതകി സിങ്ങിന്റെ പ്രസ്താവനയും പുറത്തുവന്നിരുന്നു.


മസ്‌ജിദുകൾ കേന്ദ്രീകരിച്ചാണ്‌ സംഘപരിവാർ സംഘടനകളുടെ കലാപശ്രമങ്ങൾ. ചാമ്പ്യൻസ്‌ ട്രോഫി ക്രിക്കറ്റ്‌ വിജയത്തിന്‌ പിന്നാലെ, മധ്യപ്രദേശിൽ മഹുവിൽ ജയ്ശ്രീറാം മുഴക്കി ആഘോഷ റാലിയുമായെത്തിയവർ ജുമാ മസ്ജിദിനകത്തേക്ക്‌ പടക്കം എറിഞ്ഞത്‌ മേഖലയിൽ കലാപം സൃഷ്ടിച്ചിരുന്നു. എന്നാൽ, കലാപാഹ്വാനത്തിന്‌ തിങ്കളാഴ്ച ഇൻഡോർ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌ മുസ്ലിം വിഭാഗത്തിൽപെട്ട 12പേരെയാണ്‌. മധ്യപ്രദേശിലെ തന്നെ ഡാമോയിൽ ശനിയാഴ്ച പശുക്കൊല ആരോപിച്ച്‌ മുസ്ലിംകുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത പൊലീസ്‌ പശു അമ്മയാണെന്ന്‌ ഉറക്കെ പറയിച്ച്‌ തെരുവിലൂടെ നടത്തി.


അതേദിവസം, ഹരിദ്വാറിലെ ആയുർവേദ കോളേജിൽ വിദ്യാർഥികൾ സംഘടിപ്പിച്ച ഇഫ്‌താർ ആഘോഷത്തിനിടയിൽ കടന്നുകയറിയ ബജ്‌റംഗ്‌ദൾ പ്രവർത്തകർ അതിക്രമം നടത്തി. ഡൽഹിയിൽ വ്യാഴാഴ്ച ബിജെപി എംഎൽഎ സംഘമായെത്തി മുസ്ലിങ്ങൾ നടത്തുന്ന മാംസക്കടകൾ പൂട്ടണമെന്ന്‌ ഭീഷണിമുഴക്കി. ഗുജറാത്തിലെ അഹമ്മദാബാദിൽ മസ്‌ജിദിൽ നിന്നും മടങ്ങുമ്പോൾ ഒരു സംഘം കഴുത്തിൽ കത്തിവിച്ച്‌ ജയ്ശ്രീറാം വിളിക്കാൻ ഭീഷണിപ്പെടുത്തിയെന്ന്‌ വെളിപ്പെടുത്തിയ യുവാവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു. രാജസ്ഥാനിൽ മുസ്ലിംവിരുദ്ധ മുദ്രാവാക്യങ്ങളുമായി റാലി നടത്തുന്ന സ്കൂൾവിദ്യാർഥികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home