ബംഗാളില്‍ ആയുധങ്ങളുമായി തീവ്രഹിന്ദുത്വവാദികളുടെ അഭ്യാസം

ന്യൂഡൽഹി: മുൻ വർഷങ്ങളിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യയിൽ രാമനവമി ആഘോഷങ്ങൾ നടന്നത് കനത്ത സുരക്ഷയിൽ. പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ ഞായറാഴ്‌ച രാമനവമി ഘോഷയാത്രക്കിടെ തീവ്രഹിന്ദുത്വവാദികൾ ആയുധ പ്രദർശനവും അഭ്യാസവും നടത്തി.
ഘോഷയാത്രയിൽ ആയുധങ്ങൾ കൈവശം വയ്ക്കുന്നതിൽ എന്താണ് തെറ്റെന്നും ഹിന്ദുക്കൾ അവരുടെ ഇഷ്ടത്തിന് ആഘോഷങ്ങൾ നടത്തുമെന്നും സംഭവത്തെ ന്യായീകരിച്ച് ബിജെപി നേതാവ് ദിലീപ് ഘോഷ് രംഗത്തെത്തി. കോടിക്കണക്കിന് ഹിന്ദുക്കൾ തെരുവിലിറങ്ങുമെന്നും അക്രമങ്ങൾ ഉണ്ടാകാതെ നോക്കേണ്ടത് പൊലീസിന്റെ ചുമതലയാണെന്നും ദിലീപ് ഘോഷ് പറഞ്ഞു.
റാലിയിൽ ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതിന് കൊൽക്കത്ത ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരുന്നു.ഹരിയാനയിലെ കുരുക്ഷേത്രയിൽ ആധാർ കാർഡ് പരിശോധിച്ച് മുസ്ലിം വിഭാഗത്തിലുള്ളവരുടെ കടകൾ സംഘപരിവാറുകാർ ബലമായി അടപ്പിച്ചു. അതേസമയം, അയോധ്യയിൽ മുസ്ലിം വിഭാഗത്തിലുള്ളവർ രാമനവമി ഘോഷയാത്രയ്ക്ക് എത്തിയവർക്ക് വെള്ളവും ആഹാരവും വിതരണം ചെയ്തു.
കശ്മീരിലും രാമനവമി ആഘോഷങ്ങള്‍ നടന്നു. കേന്ദ്രമന്ത്രി അമിത് ഷായുടെ ത്രിദിന സന്ദര്‍ശനം പ്രമാണിച്ച് വന്‍സുരക്ഷാ സജീകരണങ്ങളാണ് കശ്മീരില്‍ ഒരുക്കിയത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ഹുറിയത്ത് ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖിന് വീട്ടുതടങ്കലിലാക്കി. തിബിയാന‍്‍ ഖുറാനിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചടങ്ങിൽ പങ്കെടുക്കാനിരിക്കെയാണ് വീട്ടുതടങ്കലിലാക്കിയത്.
ബാരാമുള്ള, ഷോപ്പിയാന്‍, അനന്തനാഗ്, കുല്‍ഗാം ജില്ലകളിലായി നിരവധി പേര്‍ക്കെതിരെയും മുന്‍കരുതല്‍ നടപടികളുണ്ടായി.മുന്‍വര്‍ഷങ്ങളില്‍ നിരവധി കലാപങ്ങളാണ് രാമനവമിയോടനുബന്ധിച്ച് ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നടന്നത്. 1979ലെ ജംഷഡ്‌പുർ കലാപത്തിൽ 108 പേർ കൊല്ലപ്പെട്ടു.









0 comments