ഡൽഹി സ്ഫോടനം; ചുവന്ന ഫോർഡ് ഇക്കോസ്പോർട്ട് കാറിനായി ഡൽഹി പൊലീസ്

ന്യൂഡൽഹി: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ചുവപ്പ് നിറത്തിലുള്ള ഫോർഡ് ഇക്കോസ്പോർട്ട് കാറിനായി തിരച്ചിൽ ഊർജ്ജിതമാക്കി ഡൽഹി പൊലീസ്. ഡൽഹി സ്ഫോടനക്കേസിലെ പ്രധാന പ്രതിയായ ഡോ. ഉമർ ഉൻ നബിയുടെ പേരിലാണ് കാര്‍ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് വൃത്തങ്ങൾ സൂചന നൽകി.
പ്രതിയുമായി ബന്ധമുള്ളവരുടെ കൈവശം ഈ ചുവന്ന കാർ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ദേശീയ തലസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും പോസ്റ്റുകൾക്കും അതിർത്തി ചെക്ക് പോയിന്റുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കാർ കണ്ടെത്താനായി ഡൽഹി പൊലീസിന്റെ അഞ്ചോളം ടീമുകളെ രംഗത്തിറക്കിയിട്ടുണ്ട്. കൂടാതെ, ഉത്തർപ്രദേശ്, ഹരിയാന പോലീസ് സേനകൾക്കും അതീവ ജാഗ്രത പാലിക്കാനും തിരച്ചിലിൽ സഹായിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡോ. ഉമർ ഉൻ നബി വ്യാജ വിലാസത്തിലാണ് ചുവന്ന ഇക്കോസ്പോർട്ട് കാർ വാങ്ങിയത്. നോർത്ത്-ഈസ്റ്റ് ഡൽഹിയിലെ ഒരു വീടിന്റെ വിലാസമാണ് കാർ വാങ്ങാൻ നൽകിയത്. ഈ വിലാസത്തിൽ പൊലീസ് രാത്രി വൈകി റെയ്ഡ് നടത്തിയതായും വിവരമുണ്ട്. ഉമർ സംഭവസ്ഥലങ്ങൾ നിരീക്ഷിക്കാൻ ഈ കാർ ഉപയോഗിച്ചിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.
ഒക്ടോബർ 19 മുതൽ കശ്മീരിലും ഫരീദാബാദിലും സുരക്ഷാ ഏജൻസികൾ നടത്തിയ തുടർച്ചയായ ഓപ്പറേഷനുകൾ കാരണം ഡോ. ഉമർ ഒളിവിടം മാറ്റിയതായും വൃത്തങ്ങൾ സൂചിപ്പിച്ചു.









0 comments