കനത്ത മഴ, ഹിമാചലിൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട്; ഷിംലയിൽ അഞ്ച് നിലകെട്ടിടം നിലംപതിച്ചു
ഷിംല: ഹിമാചൽ പ്രദേശിൽ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ ഷിംലയിലുള്ള അഞ്ച് നിലകെട്ടിടം നിലംപതിച്ചു. അഞ്ജന വർമ്മ എന്നയാളുടെ ഉടമസ്ഥതയിലുള്ള രാജ് നിവാസ് എന്ന കെട്ടിടമാണ് പൂർണമായും തകർന്നത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. പ്രദേശത്ത് മഴയും മണ്ണിടിച്ചിലും തുടർന്ന സാഹചര്യത്തിൽ കെട്ടിടത്തിലുള്ളവരെ പൂർണമായും ഒഴിപ്പിച്ചതായി ഉടമ പറഞ്ഞു. കെട്ടിടം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.
സമീപത്തുള്ള നാലുവരിപ്പാതയുടെ നിർമാണം കാരണം കെട്ടിടത്തിൽ വിള്ളലുകളുണ്ടായെന്ന് അഞ്ജന അവകാശപ്പെട്ടു. വില്ലേജ് ഡെപ്യൂട്ടി ഹെഡ് യശ്പാൽ വർമ്മയും സമാന ആരോപണം ഉന്നയിച്ചു. കഴിഞ്ഞ വർഷം കെട്ടിടത്തിൽ വിള്ളൽ രൂപപ്പെട്ടതായാണ് വിവരം. കമ്പനി നിർമാണ പ്രവർത്തികൾ അവസാനിപ്പിച്ചില്ലെന്നും സമീപത്തെ നിരവധി വീടുകൾക്കും അപകട ഭീഷണിയുള്ളതായി യശ്പാൽ പറഞ്ഞു.
ഹിമാചൽ പ്രദേശിൽ ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 12 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഷിംല, ബിലാസ്പൂർ, ഹമീർപൂർ, കാംഗ്ര, മാണ്ഡി, സോളൻ, സിർമൗർ, ഉന, കുളു, ചമ്പ എന്നിവിടങ്ങളിലാണ് ജാഗ്രതാ നിർദേശം. മണ്ണിടിച്ചിൽ, വെള്ളക്കെട്ട്, എന്നിവയ്ക്ക് സാധ്യതള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഷിംലയെയും ചണ്ഡീഗഡിനെയും ബന്ധിപ്പിക്കുന്ന ഷിംല - കൽക ദേശീയ പാതയിൽ കോട്ടി പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായി. പലയിടത്തും ഗതാഗതം തടസപ്പെട്ടു. ഹിമാചൽ പ്രദേശിൽ 129 റോഡുകൾ അടച്ചിട്ടതായി റിപ്പോർട്ടുണ്ട്. സിർമൗറിൽ 57 റോഡുകളിലും മാണ്ഡിയിൽ 44 റോഡുകളിലും ഗതാഗത തടസം നേരിട്ടു. കാംഗ്ര, മാണ്ഡി, സിർമൗർ, സോളൻ ജില്ലകളിലെ സ്കൂളുകൾ തിങ്കളാഴ്ച അടച്ചിടാൻ ഉത്തരവിടാൻ ബന്ധപ്പെട്ടവർക്ക് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു നിർദ്ദേശം നൽകി.










0 comments