ഡൽഹിയിൽ കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട്; റെഡ് അലർട്ട്

rain delhi
വെബ് ഡെസ്ക്

Published on Aug 14, 2025, 12:33 PM | 1 min read

ഡൽഹി: ഡൽഹിയിൽ കനത്ത മഴ. എൻസിആറിന്റെ ചില ഭാഗങ്ങളിലും വ്യാഴാഴ്ച രാവിലെ കനത്ത മഴ പെയ്തു. വ്യാപക മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കാലാവസ്ഥാ വകുപ്പ് പ്രദേശത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പ്രധാന റോഡുകളും പാർക്കുകളും പോലും പൂർണ്ണമായും വെള്ളത്തിനടിയിലാണ്.


79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ഡൽഹി സർക്കാർ റൗസ് അവന്യൂവിൽ നിന്ന് കൊണാട്ട് പ്ലേസിലേക്ക് സംഘടിപ്പിച്ച വാക്കത്തോൺ കനത്ത മഴയെത്തുടർന്ന് റദ്ദാക്കി. സുബ്രതോ പാർക്കിലെ ഔട്ടർ റിംഗ് റോഡിലും, റാവു തുല റാം മാർഗിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തുടർന്ന് ​ഗതാ​ഗത തടസം നേരിട്ടു.



ജിടികെ ഡിപ്പോ, ജഹാംഗീർപുരി, ആദർശ് നഗർ എന്നിവിടങ്ങളിൽ വെള്ളം കയറി. ഓൾഡ് ജിടി റോഡിലൂടെയുള്ള ഗതാഗതത്തിന് സാരമായി തടസം നേരിടാൻ സാധ്യതയുള്ളതിനാൽ റൂട്ട് ഒഴിവാക്കണമെന്ന് ട്രാഫിക് പൊലീസ് നിർദേശിച്ചു. നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി.


പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച മഴ രാവിലെ വരെ തുടർന്നു. അയനഗർ (57.4 മി.മീ), പാലം (49.4 മി.മീ), മയൂർ വിഹാർ (17.5 മി.മീ), റിഡ്ജ് (17.4 മി.മീ) എന്നിവിടങ്ങളിലാണ് അധിക മഴ രേഖപ്പെടുത്തിയത്. ഡൽഹിയിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


ഡൽഹി-എൻസിആർ മേഖലയ്ക്ക് പുറമെ, ഹരിയാന, ചണ്ഡീഗഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, വടക്കൻ മധ്യപ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വരും മണിക്കൂറുകളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Home