സിക്കിമിൽ മണ്ണിടിച്ചിൽ: 500 വിനോദസഞ്ചാരികൾ കുടുങ്ങി, എട്ടുപേരെ കാണാതായി

photo credit: X
ഗാങ്ടോക്ക് : കനത്തമഴയിൽമണ്ണിടിച്ചിലുണ്ടായതോടെ വടക്കൻ സിക്കിമിലെ വിവിധയിടങ്ങളിൽ അഞ്ഞൂറോളം വിനോദസഞ്ചാരികൾ കുടുങ്ങി. തുടർച്ചയായ മഴയെത്തുടർന്ന് മണ്ണിടിച്ചിലിൽ പ്രധാന റോഡുകളിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെയാണ് വിനോദ സഞ്ചാരികൾ കുടുങ്ങിയത്. ചുങ്‌താങ്ങിനെ ലാച്ചെൻ, ലാച്ചുങ് എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിൽ പലയിടങ്ങളിലും മണ്ണിടിഞ്ഞു. എട്ട് വിനോദസഞ്ചാരികളെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ കനത്ത മഴയെത്തുടർന്ന് തടസപ്പെട്ടു. ടീസ്ത നദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്നാണ് രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചത്.
വ്യാഴാഴ്ച രാത്രി മംഗൻ ജില്ലയിലെ ടീസ്ത നദിയിലേക്ക് 11 വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് വിനോദസഞ്ചാരികളെ കാണാതായത്. അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലാച്ചൻ-ലാച്ചുങ് ഹൈവേയിൽ മുൻസിതാങ്ങിന് സമീപത്തുവച്ച് വാഹനം 1,000 അടിയിലധികം താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവരിൽ ചിലർ ഒഡീഷ സ്വദേശികളാണ്.
ഇന്ന് ടൂറിസ്റ്റ് പെർമിറ്റുകൾ നൽകിയിട്ടില്ല, വടക്കൻ സിക്കിം സന്ദർശിക്കുന്നതിന് നാളെയും പെർമിറ്റുകൾ നൽകില്ലെന്നും അധികൃതർ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) പ്രദേശത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും ഗാങ്‌ടോക്ക് ജില്ലാ മജിസ്‌ട്രേറ്റ് അടിയന്തര പൊതു അറിയിപ്പ് പുറപ്പെടുവിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പലയിടത്തും കനത്ത മഴ നാശം വിതച്ചു. അരുണാചൽ പ്രദേശിൽ മഴയെത്തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ 9 പേർ മരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇതേത്തുടർന്ന് നിരവധി ജില്ലകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായിരുന്നു. ഈസ്റ്റ് കമെങ് ജില്ലയിൽ വ്യാഴാഴ്ച രാത്രി ദേശീയപാത 13ലെ ബന-സെപ്പ മേഖലയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ വാഹനം ഒലിച്ചു പോയാണ് ഏഴ് പേർ മരിച്ചത്. ലോവർ സുബൻസിരി ജില്ലയിൽ സിറോ-കാംലെ റോഡരികിലെ പൈൻ ഗ്രൂവ് പ്രദേശത്തിനടുത്തുള്ള ഒരു കാബേജ് ഫാമിലുണ്ടായ മണ്ണിടിച്ചിലിലാണ് രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടത്.









0 comments