ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; ഡൽഹിയിൽ യെല്ലോ അലർട്ട്

ന്യൂഡൽഹി: ഡൽഹിയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്. ഡൽഹിയിൽ ഇന്ന് കൂടിയ താപനില 41 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രാജ്യ തസ്ഥാനത്ത് ഇന്ന് പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസാണ്.
അതേസമയം, ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ഗുജറാത്തിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സൗരാഷ്ട്ര, കച്ച് മേഖലകളിൽ ഏപ്രിൽ 8 മുതൽ 10 വരെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ 21 നഗരങ്ങളിൽ 42 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളിലെ 21 നഗരങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബീഹാർ, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
രാജസ്ഥാനിലെ ബാർമറിൽ 45.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ ആദ്യ ആഴ്ചയിലെ ഏറ്റവും ഉയർന്ന താപനിലയാണിത്. സാധാരണയേക്കാൾ 6.8 ഡിഗ്രി കൂടുതലാണ് രേഖപ്പെടുത്തിയത്. രാജസ്ഥാനിൽ ഇന്ന് ഓറഞ്ച് അലർട്ടും ഏപ്രിൽ 9, 10 തീയതികളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.









0 comments