ഡൽഹി കലാപ ഗൂഢാലോചനക്കേസ്
ഷർജീൽ ഇമാമിന്റെയും ഉമർ ഖാലിദിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് 19ലേക്ക് മാറ്റി

ന്യൂഡൽഹി: യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജെഎൻയുവിലെ മുൻ വിദ്യാര്‍ഥി നേതാവ് ഉമർ ഖാലിദ്, ഷർജീൽ ഇമാം ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി 19-ലേക്ക് മാറ്റി. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ വി അഞ്ജരിയയും അടങ്ങുന്ന ബെഞ്ചാണ് കേസ് മാറ്റിവച്ചത്. വ്യാഴാഴ്ച രാത്രി വൈകിയാണ് കേസ് ഫയലുകൾ ലഭിച്ചതെന്നും വായിക്കാൻ സമയം ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഞ്ച് വർഷക്കാലമായി വിചാരണയില്ലാതെ ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്. സെപ്തംബർ രണ്ടിനാണ് ഉമർ ഖാലിദ് അടക്കം കേസിൽ പ്രതികളായ ഒൻപത് പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. പ്രതികളായ ഷർജിൽ ഇമാമും ഗുൽഫിഷ ഫാത്തിമയും നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഷാദാബ് അഹ്മദ്, അത്തർ ഖാൻ, ഖാലിദ് സെയ്ഫി, മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്മാൻ, മീരാൻ ഹൈദർ, ഗുൽഫിഷ ഫാത്തിമ തുടങ്ങിയവരാണ് ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന ആരോപിച്ച് ജയിലിൽ കഴിയുന്ന മറ്റുള്ളവർ. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2020ലാണ് ഉമർ ഖാലിദിനെയും മറ്റുള്ളവരേയും ഡൽഹി പൊലിസ് അറസ്റ്റ് ചെയ്തത്. യുഎപിഎ, ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്ക് മേൽ ചുമത്തിയിട്ടുള്ളത്.









0 comments