'എന്നെ ഇടിച്ചു, നെഞ്ചിൽ സ്പർശിച്ചു'; പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ, രണ്ട് പേർ അറസ്റ്റിൽ

രത്‌നഗിരി: മഹാരാഷ്ട്രയിൽ ഗുരുകുല മേധാവിയും ഒരു അധ്യാപകനും ചേർന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രത്‌നഗിരി ജില്ലയിലെ വാർക്കരി ഗുരുകുലത്തിന്റെ മേധാവി ഭഗവാൻ കോകരെ മഹാരാജ്, അദ്ധ്യാപകൻ പ്രിതേഷ് പ്രഭാകർ കദം എന്നിവർക്കെതിരെ കേസെടുത്തു.
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആൺകുട്ടികളും പെൺകുട്ടികളും ആത്മീയ വിദ്യാഭ്യാസം നേടുന്ന സ്ഥാപനമാണിത്. പരാതി ഉന്നയിച്ച പെൺകുട്ടി ജൂൺ 12-നാണ് ഇവിടെ പ്രവേശനം നേടിയത്. ആദ്യത്തെ എട്ട് ദിവസങ്ങൾ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയെങ്കിലും, അതിനുശേഷം ഭഗവാൻ കോകരെ പെൺകുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങി.
"ഞാൻ റൂമിൽ തനിച്ചായിരിക്കുമ്പോൾ അയാൾ അകത്തേക്ക് വരും, എന്നെ അടിക്കും, നെഞ്ചിൽ സ്പർശിക്കും," പെൺകുട്ടി അധികൃതരോട് പറഞ്ഞു. ലൈംഗികാതിക്രമത്തിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു.
സംഭവം പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പ്രിതേഷ് പ്രഭാകർ കദം ഭീഷണിപ്പെടുത്തി. കോകരെയുടെ സ്വാധീനം ഉപയോഗിച്ച് അച്ഛനെ കേസിൽ കുടുക്കുമെന്നും, തന്നെയും സഹോദരനെയും കൊല്ലുമെന്നും വിദ്യാഭ്യാസം തടയുമെന്നും ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറയുന്നു.
എന്നാൽ, കഴിഞ്ഞ തിങ്കളാഴ്ച പെൺകുട്ടി പിതാവിനോട് കാര്യങ്ങൾ തുറന്നുപറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പോക്സോ ആക്ട് 12, 17 വകുപ്പുകൾ പ്രകാരം ലൈംഗിക പീഡനം, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കൽ എന്നിവ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. അറസ്റ്റിലായ പ്രതികളെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഈ കേസിൽ കൂടുതൽ പെൺകുട്ടികൾ ഇരകളായിട്ടുണ്ടാകാമെന്ന് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന എംഎൽഎ ഭാസ്‌കർ ജാദവ് പറഞ്ഞു. കോകരെയുമായി ബന്ധമുള്ള രാഷ്ട്രീയ നേതാക്കളെ താൻ പുറത്തുകൊണ്ടുവരുമെന്നും ശിവസേന നേതാവ് കൂട്ടിച്ചേർത്തു.









0 comments