ജമ്മു കശ്മീരിലെ ഉദംപൂരിൽ ഏറ്റുമുട്ടൽ; ജയ്ഷെ ഭീകരൻ കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം
ഉദംപൂർ: ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. ഇയാൾക്ക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളതായാണ് വിവരം. അതേസമയം, ബസന്ത്ഗഡിലെ ബിഹാലി വനത്തിൽ ഇയാളുടെ മൂന്ന് കൂട്ടാളികൾ കുടുങ്ങിയിട്ടുണ്ട്. ഇവർക്കായി സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കി.
ബുധനാഴ്ച രാവിലെ ബസന്ത്ഗഡ് മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്ത്
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈന്യത്തിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സംയുക്ത സംഘം ബിഹാലി പ്രദേശം വളഞ്ഞിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് നാല് ഭീകരർ വനത്തിലുള്ളതായി മനസിലാക്കിയത്.
ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്ന് സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ് എക്സിൽ കുറിച്ചു. ഒരു വർഷത്തോളമായി ഈ സംഘം നിരീക്ഷണത്തിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൂല കാലാവസ്ഥയും മൂടൽമഞ്ഞും തിരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്.









0 comments