ജിഎസ്‌ടി പരിഷ്‌കരണം ; വില കുറച്ചില്ലെങ്കില്‍ നടപടി വേണ്ടെന്ന് കേന്ദ്രം


എം അഖിൽ
Published on Sep 25, 2025, 03:52 AM | 1 min read
ന്യൂഡൽഹി
ജിഎസ്‌ടി പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള വിലക്കുറവ് ലഭിക്കുന്നില്ലെന്ന പരാതികളിൽ അടിയന്തര നടപടികൾ വേണ്ടെന്ന് കേന്ദ്രസർക്കാർ തീരുമാനം. നിലവിലെ സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ചശേഷം മാത്രം നടപടിയെടുത്താൽ മതിയെന്നാണ് സർക്കാർ നിലപാട്. ഇ–കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഉൾപ്പടെ നിത്യോപയോഗ സാധനങ്ങൾക്കും മറ്റും വിലകുറയുന്നില്ലെന്ന പരാതി വ്യാപകമാണ്.
നിരവധി ഉൽപ്പന്നങ്ങളുടെ പുതിയതും പഴയതുമായ വില ഉൾപ്പെടുന്ന പട്ടിക ഫീൽഡ് ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ട്. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നശേഷം ആനുപാതികമായ വിലക്കുറവ് സംഭവിച്ചിട്ടുണ്ടോയെന്ന് ഫീൽഡ് ഓഫീസർമാർ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടുകൾ വിശകലനം ചെയ്‌തശേഷം തുടർനടപടികൾ ആലോചിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജിഎസ്‌ടി പരിഷ്‌കാരത്തിന്റെ നേട്ടങ്ങൾ സാധാരണക്കാരിലെത്തിക്കാൻ മോദി സർക്കാരിന് താൽപ്പര്യമില്ലെന്ന വിമർശം ശക്തമായിരിക്കെയാണ് ഇൗ നിർദേശം പുറത്തുവന്നത്.
കേന്ദ്ര ജിഎസ്‌ടി നിയമത്തിലെ 171(2) വകുപ്പ് പ്രകാരം അന്യായ ലാഭമുണ്ടാക്കൽ തടയാൻ സംവിധാനമുണ്ടായിരുന്നു. ജിഎസ്‌ടി പരിഷ്‌കരണത്തിന്റെ നേട്ടങ്ങൾ ഉപയോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് തീർച്ചപ്പെടുത്താൻ ദേശീയ അതോറിറ്റി രൂപീകരിക്കാമെന്നാണ് ഇൗ വകുപ്പിൽ പറയുന്നത്. 2017 നവംബറിൽ അതോറിറ്റി രൂപീകരിക്കപ്പെടുകയും 2019ൽ അതിന് കാലാവധി നീട്ടികൊടുക്കുകയും ചെയ്‌തു.
എന്നാൽ, 2024 ഒക്‌ടോബർ ഒന്നിന്റെ വിജ്ഞാപനത്തിലൂടെ കേന്ദ്രസർക്കാർ അതോറിറ്റിയുടെ കാലാവധി 2025 ഏപ്രിൽ ഒന്ന് വരെയാക്കി. ജിഎസ്‌ടി ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതികൾ ജിഎസ്‌ടി അപ്പലറ്റ് ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് പരിഗണിച്ചാൽ മതിയെന്നും തീരുമാനിച്ചു.









0 comments