ജിഎസ്ടി മാറ്റം : വിലക്കുറവ്‌ എവിടെ ? പരാതി വ്യാപകം

Gst Rate Revision
വെബ് ഡെസ്ക്

Published on Oct 04, 2025, 03:52 AM | 1 min read


ന്യൂഡൽഹി

​ജിഎസ്‌ടി ഇളവ് പ്രഖ്യാപിച്ച്‌ 10 ദിവസം കഴിഞ്ഞിട്ടും നിത്യോപയോഗ സാധനങ്ങൾക്ക്‌ ഉൾപ്പെടെ വിലകുറഞ്ഞില്ലെന്ന പരാതി വ്യാപകം. ദേശീയ ഉപഭോക്‌തൃ ഹെൽപ്പ്‌ലൈനിലേക്ക്‌ 4000ത്തോളം ഫോൺവിളികളാണ്‌ വില കുറയുന്നില്ലെന്ന പരാതിയുമായെത്തിയത്‌. ഇതിൽ 1,992 പരാതി കേന്ദ്ര പരോക്ഷനികുതി ബോർഡിന്റെ പരിഗണനയ്‌ക്ക്‌ വിട്ടു. 761 പരാതികൾ ബന്ധപ്പെട്ട കന്പനികൾക്കും കൈമാറി.


കഴിഞ്ഞ മാസം 22 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നെങ്കിലും പുതിയ സ്റ്റോക്കുകൾക്ക്‌ മാത്രമേ അത്‌ ബാധകമാകുള്ളുവെന്ന്‌ വാദിച്ച്‌ ചില വ്യാപാരികൾ ഉപഭോക്താവിന് ആനുകൂ‍ല്യങ്ങൾ നിഷേധിക്കുന്നു. ചില ഉൽപ്പന്നങ്ങൾക്ക്‌ മുന്പത്തേതിനേക്കാൾ വില കൂടിയെന്നും പരാതികളുമുണ്ട്‌. ആമസോൺ, ഫ്ലിപ്പ്‌കാർട്ട്‌ തുടങ്ങിയ ഇ കൊമേഴ്‌സ്‌ പ്ലാറ്റ്‌ഫോമുകളിലും പല ഉൽപ്പന്നങ്ങൾക്കും വില കുറഞ്ഞില്ലെന്ന ആക്ഷേപം ശക്തമാണ്‌.


പാക്കറ്റിലാക്കിയ ഭക്ഷ്യഉൽപ്പന്നങ്ങൾ, മരുന്നുകൾ തുടങ്ങിയവയുടെ വിലയിൽ കാര്യമായ കുറവില്ല. ഓട്ടോമൊബൈൽ മേഖലയിൽ മാത്രമാണ്‌ ചില മാറ്റങ്ങളുണ്ടായത്‌. ജിഎസ്‌ടി പരിഷ്‌കരണത്തിന്റെ ആനുക‍ൂല്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന്‌ പകരം ‘കാത്തിരുന്ന്‌ കാണാം’ എന്ന സമീപനമാണ്‌ ധന, വാണിജ്യ മന്ത്രാലയങ്ങളുടേത്‌. ജിഎസ്‌ടി പരിഷ്‌കരണത്തിന്‌ മുന്പും ശേഷവും 52 വിഭാഗം ഉൽപ്പന്നങ്ങളുടെ വിലയിൽ വന്നിട്ടുള്ള മാറ്റം നിരീക്ഷിക്കാൻ കേന്ദ്ര ജിഎസ്‌ടി സോൺ പ്രിൻസിപ്പൽ ചീഫ്‌ കമീഷണർമാർക്കും ചീഫ്‌ കമീഷണർമാർക്കും കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ, ‘നിരീക്ഷണം’ അല്ലാതെ കാര്യമായ ഒരിടപെടലും ഉണ്ടാകുന്നില്ല.


പരിഷ്‌കരണം പ്രാബല്യത്തിൽ വന്നതിനുശേഷം പത്തിൽ മൂന്ന്‌ ഉപഭോക്താക്കൾക്ക്‌ മാത്രമേ വിലക്കുറവ്‌ അനുഭവപ്പെട്ടിട്ടുള്ളുവെന്ന്‌ സമ‍ൂഹമാധ്യമ കൂട്ടായ്‌മയായ ‘ലോക്കൽ സർക്കിൾസ്‌’ നടത്തിയ സർവെയിൽ പറയുന്നു. രാജ്യത്തെ 322 ജില്ലകളിലെ 27,000 ഉപഭോക്താക്കളിൽനിന്ന് പ്രതികരണമാണ് സര്‍വെയില്‍ തേടിയത്.



deshabhimani section

Related News

View More
0 comments
Sort by

Home