ജിഎസ്‌ടി പരിഷ്‌കരണം പ്രാബല്യത്തിൽ ; നേട്ടം ജനങ്ങളില്‍ എത്തിക്കാൻ ഇടപെടലില്ല

Gst Rate Revision
വെബ് ഡെസ്ക്

Published on Sep 23, 2025, 04:25 AM | 1 min read


ന്യൂഡൽഹി

പരിഷ്‌കരിച്ച ​ജിഎസ്‌ടി നിരക്കുകൾ തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ വന്നെങ്കിലും സാധാരണക്കാർക്ക്‌ ഇതിന്റെ നേട്ടങ്ങൾ ഉറപ്പാക്കാനുള്ള നടപടികളിൽ വ്യക്തതയില്ല. നേട്ടങ്ങൾ ഉപയോക്താക്കൾക്ക്‌ കൈമാറണമെന്ന്‌ വ്യാപാരികളോടും കന്പനികളോടും അഭ്യർഥിച്ചതൊഴിച്ചാൽ കാര്യക്ഷമമായ ഒരു നടപടിയും കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടില്ല. സാഹചര്യം മുതലെടുത്ത്‌ കന്പനികൾ ‘കൊള്ളലാഭം’ ഉണ്ടാക്കുന്നത്‌ കർശനമായി തടയാൻ നിയമപരമായ പരിമിതികൾ ഉണ്ടെന്നാണ്‌ കേന്ദ്രസർക്കാർ നിലപാട്‌. കേന്ദ്ര പരോക്ഷനികുതി ബോർഡും (സിബിഐസി) മറ്റ്‌ ഏജൻസികളും സാഹചര്യങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കും. ജിഎസ്‌ടി നടപ്പാക്കുന്നതിന്‌ മുന്പും ശേഷവും വിലയിലുണ്ടായ മാറ്റങ്ങൾ ക്രോഡീകരിച്ച്‌ റിപ്പോർട്ടുകളുണ്ടാക്കും. ‘ശരിയല്ലാത്ത വ്യാപാര രീതി’കൾ നിയന്ത്രിക്കാൻ നടപടികൾ എടുക്കും– ധനമന്ത്രാലയം വൃത്തങ്ങൾ പറഞ്ഞു.


ഉൽപ്പന്നങ്ങളുടെ വില കുറയ്‌ക്കാമെന്ന്‌ കന്പനികളും വ്യാപാരസംഘടനകളും അസോസിയേഷനുകളും ഉറപ്പുനൽകിയിട്ടുണ്ടെന്നാണ്‌ കേന്ദ്രസർക്കാരിന്റെ അവകാശവാദം. ഇതിന്റെ അടിസ്ഥാനത്തിൽ ജിഎസ്‌ടി പരിഷ്‌കരണത്തിന്റെ നേട്ടങ്ങളിൽ 90 ശതമാനവും സാധാരണക്കാർക്ക്‌ ലഭിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. തിങ്കളാഴ്‌ചയ്‌ക്ക്‌ മുന്പ്‌ വിപണിയിലെത്തിയ ഉൽപ്പന്നങ്ങളിൽ പുതിയ വില കാണിക്കുന്ന സ്റ്റിക്കറുകൾ ഒട്ടിക്കണമെന്ന്‌ നിർബന്ധമില്ലെന്ന്‌ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്‌. ഇ‍ൗ സാഹചര്യത്തിൽ, വ്യാപാരികൾ സ്വന്തം നിലയ്‌ക്ക്‌ വില കുറയ്‌ക്കാൻ തയ്യാറാകണം. ഉപയോക്താക്കൾ കൂടുതൽ ജാഗ്രതയും പുലർത്തേണ്ടി വരും.

ജിഎസ്‌ടി പരിഷ്‌കരണം ‘നിക്ഷേപഉത്സവം’– സൃഷ്ടിക്കുമെന്നാണ്‌ പ്രധാനമന്ത്രിയുടെ അവകാശവാദം.


എന്നാൽ, യഥാർഥ ചിത്രം ലഭിക്കണമെങ്കിൽ അടുത്ത ഗാർഹിക ഉപഭോഗ ചെലവ്‌ സർവേ റിപ്പോർട്ട്‌ വരെ കാത്തിരിക്കണം. മുൻ ജിഎസ്‌ടി പരിഷ്‌കരണങ്ങളുടെ നേട്ടങ്ങൾ പത്തിൽ രണ്ട്‌ ഉപയോക്താക്കൾക്കും ലഭിച്ചിട്ടില്ലെന്നാണ്‌ പ്രാദേശിക സർവേകളിൽ വ്യക്തമായിട്ടുള്ളത്‌. ജിഎസ്‌ടി പരിഷ്‌കരണത്തോടെ അഞ്ച്‌, 18 ശതമാനം സ്ലാബുകൾ മാത്രമായി. 375 ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില കുറയുമെന്നാണ്‌ സർക്കാർ അറിയിച്ചിട്ടുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Home