നിരക്ക് പരിഷ്‌ക്കരണം അംഗീകരിച്ചു
ജിഎസ്ടിയിൽ ഇനി രണ്ട് സ്ലാബ്; നഷ്ടപരിഹാരത്തിൽ തീരുമാനമില്ല

ന്യൂഡൽഹി: ജിഎസ്‌ടി നിരക്ക് പരിഷ്‌കരണത്തിന് ജിഎസ്‌ടി കൗൺസിൽ അംഗീകാരം നൽകിയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. നിലവിലുള്ള 12, 28 ശതമാനം സ്ലാബ് ഒഴിവാക്കി, അഞ്ച്, 18 സ്ലാബിലേക്കാണ് ചുരുക്കിയത്. ഇതിന് പുറമെ പുകയില ഉൽപ്പന്നം, ആഡംബര കാർ, ഓൺലൈൻ ഗെയിം അടക്കമുള്ള ചുരുക്കം ഉൽപ്പന്നങ്ങളുടെ 40 ശതമാനം സ്ലാബുമുണ്ട്. 28 മുതൽ പരിഷ്കാരം പ്രാബല്യത്തിൽവരുമെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാനനഷ്ടം നികത്തണമെന്ന കേരളമടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. എട്ട് പ്രതിപക്ഷ സംസ്ഥാനങ്ങൾ നേരത്തേതന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച് വലിയ വാദപ്രതിവാദം ഉണ്ടായി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ആശങ്ക പ്രകടിപ്പിച്ചതായാണ് വിവരം. കേരളത്തിന്റെ തനത് ആവശ്യങ്ങൾ ഉന്നയിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രിക്ക് കത്ത് കെെമാറി. സെസ് നേരിട്ട് പിരിക്കലിനുള്ള അവകാശം, പേപ്പർ ലോട്ടറിയെ 28 ശതമാനം നികുതിയിൽ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഇതിൽ ഉന്നയിച്ചിട്ടുണ്ട്.
12ൽ നിന്ന് 5 ശതമാനത്തിലേക്ക് മാറുന്നവ
സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, പാലുൽപ്പന്നങ്ങൾ, അച്ചാറുകൾ, ജാം, കുട, 2500 രൂപ വരെയുള്ള പാദരക്ഷ
18ൽ നിന്ന് 5 ശതമാനത്തിലേക്ക്
പേസ്റ്റ്, സോപ്പ്, ഷാംബു , നോട്ടുബുക്ക്, പേന
28 ശതമാനത്തിൽ നിന്ന് 18 ലേക്ക് മാറുന്നവ
മോട്ടോർ വാഹനങ്ങൾ, മോട്ടോർ സൈക്കിൾ, ഫ്രിഡ്ജ്, എസി, ടിവി, സിമന്റ്









0 comments