ലോക വിപണിയിൽ വില താഴുന്നു
പെട്രോളിനും ഡീസലിനും വില വീണ്ടും കൂട്ടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ഇത്തവണ എക്‌സൈസ് ഡ്യൂട്ടി ഇനത്തിൽ രണ്ടു രൂപ വർധിപ്പിച്ചാണ് വില കൂട്ടിയിരിക്കുന്നത്. ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പിന്റെ പുതിയ വിജ്ഞാപനം അനുസരിച്ച് ഏപ്രിൽ എട്ട് മുതൽ വർധന പ്രാബല്യത്തിലാവും.
വിലവർധനവ് ചില്ലറ വിൽപ്പന വിലയിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നാണ് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. എന്നാൽ ക്രമേണ നികുതി ഇനത്തിൽ അധികം പിരിക്കുന്ന തുക അടിത്തട്ടിലെ ഉപഭോക്താവിന്റെ മേൽ വന്ന് പതിക്കുന്നതാണ് പതിവ്.
അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവിനെത്തുടർന്ന് പെട്രോൾ, ഡീസൽ വിലയിൽ കുറവു വരേണ്ടതാണ്. ഈ സാഹചര്യത്തിലാണ് വിലകൂട്ടൽ ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയായും ഡീസലിന്റേത് 10 രൂപയായും മൊത്തത്തിൽ ഉയർത്തിയതായാണ് ഉത്തരവിൽ വ്യക്തമാവുന്നത്.
അന്താരാഷ്ട്ര വിപണിയിൽ വിലകുറയുമ്പോൾ അത് സ്വാഭാവികമായി ഉപഭോക്തൃരാജ്യങ്ങളിലെയും വിപണിയിൽ പ്രതിഫലിക്കുക സാധാരണമാണ്. എന്നാൽ ഇങ്ങനെ കുറവ് വരാൻ സാധ്യതയുള്ള തുക നികുതി വർധിപ്പിച്ച് ഉപഭോക്താക്കളിലേക്ക് എത്താതെ തടയുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.









0 comments