നായികയ്ക്ക് എത്ര ഭാരമുണ്ടെന്ന് ചോദ്യം; ഇതല്ല ജേർണലിസമെന്ന് ഗൗരി കിഷൻ

ചെന്നൈ: പത്രസമ്മേളനത്തിനിടെ ശരീരഭാരത്തെക്കുറിച്ചുള്ള ചോദ്യത്തിന് നടി ഗൗരി കിഷന്റെ പ്രതികരണം ചർച്ചയാവുന്നു. നടിയുടെ ഭാരം എത്രയെന്നായിരുന്നു മാധ്യമപ്രവർത്തകൻ സിനിമയിലെ നായകനോട് ചോദിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്ന് ഗൗരി ചോദിച്ചു. തുടർന്ന് ചോദ്യം ചോദിച്ചയാളും മറ്റു മാധ്യമപ്രവർത്തകരുമെല്ലാം ഗൗരിക്ക് നേരെ തിരിയുകയായിരുന്നു. പുതിയ ചിത്രമായ 'അദേഴ്‌സി'ന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നടന്ന പത്രസമ്മേളനത്തിനിടെയാണ് സംഭവം.
താൻ ചോദിച്ചതിൽ തെറ്റില്ലെന്നും സാധാരണയായി എല്ലാവരും ചോദിക്കുന്നതുപോലെ ചോദിച്ചതാണെന്നും മാധ്യമ പ്രവർത്തകൻ വാദിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് മാധ്യമപ്രവർത്തകൻ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നൽകി. മാത്രവുമല്ല താങ്കൾഇപ്പോൾ ചെയ്യുന്നതിനെ ജേർണലിസമല്ലെന്നും നടി മാധ്യമപ്രവർത്തകനോട് പറയുന്നുണ്ട്.
ആദ്യഘട്ടത്തിൽ പ്രതികരിക്കാൻ സാധിക്കാതിരുന്ന ഗൗരി, പിന്നീട് നടന്ന പ്രീ - റിലീസ് അഭിമുഖത്തിൽ തനിക്ക് ചോദ്യം അസ്വസ്ഥത ഉണ്ടാക്കിയെന്ന് തുറന്നുപറഞ്ഞു. തുടർന്ന് സിനിമയുടെ പ്രസ് ഷോർട്ടിംഗിന് ശേഷം ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകൻ തന്റെ ചോദ്യത്തെ ന്യായീകരിച്ചുകൊണ്ട് വീണ്ടും ശബ്ദമുയർത്തുകയും ചെയ്തതോടെ ഗൗരി തുറന്നടിക്കുകയായിരുന്നു.
"എന്റെ ശരീരഭാരം നിങ്ങൾക്ക് എന്തിനാണ് അറിയേണ്ടത്? ഈ സിനിമയുമായി അതിന് എന്ത് പ്രസക്തിയാണുള്ളത്? ഓരോ സ്ത്രീക്കും വ്യത്യസ്തമായ ശരീരപ്രകൃതിയാണ് ഉള്ളത്. എന്റെ കഴിവ് സംസാരിക്കട്ടെ. ഞാൻ ഇതുവരെ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രങ്ങളാണ് ചെയ്തിട്ടുള്ളത്. നിങ്ങളുടെ അംഗീകാരം എനിക്ക് ആവശ്യമില്ല," ഗൗരി ശക്തമായി പറഞ്ഞു.
മാധ്യമപ്രവർത്തകൻ തന്റെ ചോദ്യം 'തമാശരൂപേണ' ആയിരുന്നു എന്ന് വാദിച്ചെങ്കിലും ഗൗരി അത് തള്ളിക്കളഞ്ഞു. "എനിക്കത് തമാശയായി തോന്നിയില്ല. ബോഡി ഷെയ്മിംഗ് സാധാരണവൽക്കരിക്കുന്നത് നിർത്തുക. ഇതെന്നെക്കുറിച്ചുള്ള ചോദ്യമാണ്, എനിക്കിതിൽ അഭിപ്രായം പറയാൻ അവകാശമുണ്ട്," അവർ കൂട്ടിച്ചേർത്തു.
ഇതിന്റെ വിഡിയോ വൈറലാണ്. സംഭവത്തിൽ ഗൗരിക്ക് പിന്തുണയുമായി സമൂഹമാധ്യമത്തിൽ പലരും രംഗത്തെത്തി. ചോദ്യങ്ങൾക്ക് ചുട്ട മറുപടി നൽകിയ ഗൗരിയ്ക്ക് നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയിൽ ലഭിക്കുന്നത്. ഗായിക ചിന്മയി ശ്രീപദ ഉൾപ്പെടെ നിരവധി പേർ ഗൗരിയുടെ ധീരമായ നിലപാടിനെ പ്രശംസിച്ചു. "അപമാനകരവും അനാവശ്യവുമായ ചോദ്യങ്ങളെ ചോദ്യം ചെയ്യുമ്പോൾ പല തരത്തിലുള്ള അലർച്ചകളും ഉയരും. ശബ്ദമുയർത്താൻ ധൈര്യം കാണിച്ച ഗൗരിയെ അഭിനന്ദിക്കുന്നു. ഇത്രയും ചെറുപ്പമായിട്ടും അവൾ തന്റെ നിലപാടിൽ ഉറച്ചുനിന്നതിൽ അഭിമാനമുണ്ട്," ചിന്മയി എക്‌സിൽ കുറിച്ചു.
അതേസമയം പ്രസ് മീറ്റിൽ നടിയ്ക്ക് നേരെ മാധ്യമപ്രവർത്തകരുടെ കൂട്ട ആക്രമം ഉണ്ടായിട്ടും നടിയെ സപ്പോർട്ട് ചെയ്യാതിരുന്ന സംവിധായകനും നായകനും നേരെ വിമർശനവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. തന്റെ മൗനം ബോഡി ഷെയ്മിംഗിനെ അംഗീകരിക്കുന്നു എന്നല്ല അർത്ഥമാക്കുന്നത് എന്ന് പിന്നീട് സഹതാരം ആദിത്യ മാധവൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. "ആ ചോദ്യം എന്നെ അമ്പരപ്പിച്ചു. എന്റെ അരങ്ങേറ്റ ചിത്രമാണ്. അന്ന് തന്നെ പ്രതികരിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. അവൾ അതർഹിക്കുന്നില്ല. എല്ലാവർക്കും ബഹുമാനം ലഭിക്കാൻ അവകാശമുണ്ട്. ഞാൻ വീണ്ടും ക്ഷമ ചോദിക്കുന്നു," അദ്ദേഹം കുറിച്ചു.









0 comments