വീട്ടിൽ പണക്കൂമ്പാരം; യശ്വന്ത് ശർമയ്‌ക്കെതിരെ ഇംപീച്ച്മെമെന്റ് നടപടികൾ ആരംഭിച്ചു, അന്വേഷണത്തിന് മൂന്നംഗസമിതി

ന്യൂഡൽഹി: വീട്ടിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് ശർമയ്‌ക്കെതിരെ ഇംപീച്ച്മെമെന്റ് നടപടികൾ ആരംഭിച്ചു. ഇതിനായി മൂന്നംഗ സമിതി രൂപീകരിച്ചതായി ലോക്‌സഭ സ്‌പീക്കർ ഓം ബിർല അറിയിച്ചു. സുപ്രീംകോടതി ജഡ്‌ജ് അരവിന്ദ് കുമാർ അധ്യക്ഷനായ സമിതിയതിൽ മദ്രാസ് ഹൈക്കോടതി ചീഫ് ജഡ്‌ജ് മനീന്ദർ മോഹൻ, മുതിർന്ന അഭിഭാഷകൻ ബി വി ആചാര്യ എന്നിവരാണുള്ളത്.
സംഭവത്തിൽ ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് ചോദ്യം ചെയ്ത് യശ്വന്ത് ശർമ നൽകിയ ഹർജി കഴിഞ്ഞയാഴ്‌ച സുപ്രീം കോടതി തള്ളിയിരുന്നു. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
വീട്ടിൽനിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതിനെത്തുടർന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും വർമയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു.
മാർച്ച് 14നുണ്ടായ തീപിടിത്തത്തെ തുടർന്നാണ് യശ്വന്ത് ശർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത നോട്ടുകെട്ടുകൾ കണ്ടെത്തിയത്. അഗ്നിരക്ഷാ സേന രക്ഷാ പ്രവർത്തനത്തിനിടെ കോടിക്കണക്കിന് രൂപയുടെ കെട്ടുകൾ വീട്ടിൽ അടുക്കിവെച്ചതായി കണ്ടെത്തുകയായിരുന്നു. യശ്വന്ത് ശർമ ഡൽഹി ഹൈക്കോടതി ജഡ്‌ജ് ആയിരിക്കെയായിരുന്നു സംഭവം.
പണം കണ്ടെത്തിയ വിവരം പുറത്തായെങ്കിലും ഡൽഹി ഫയർ സർവീസ് മേധാവി അതുൽ ഗാർഗ് പിന്നീട് തിടുക്കപ്പെട്ട് ഈ വിവരം നിഷേധിക്കയാണുണ്ടായത്. രാത്രി 11.30 ഓടെയാണ് തീപിടിത്തം ഉണ്ടാവുന്നത്. ആദ്യം എത്തുന്നത് പൊലീസ് സംഘമാണ്. അവരും നോട്ടുകെട്ടുകൾ നിറച്ചു വെച്ചതിന് സാക്ഷികളായി. അഗ്നിരക്ഷാ സേന എടുത്ത വീഡിയോയും ചിത്രങ്ങളും ചീഫ് ജസ്റ്റിസിന് കൈമാറുകയും ചെയ്തു. സംഭവം വിവാദമായതോടെ യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേയ്‌ക്ക് സ്ഥലംമാറ്റി.









0 comments