നിയമ വിരുദ്ധ ബെറ്റിങ് ആപ്പ് : മിമി ചക്രബർത്തി ഇ ഡിക്ക് മുന്നിൽ ഹാജരായി

ന്യൂഡൽഹി : നിയമ വിരുദ്ധ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചതിനുപിന്നാലെ നടിയും തൃണമുൽ മുൻ എംപിയുമായ മിമി ചക്രബർത്തി ചോദ്യം ചെയ്യലിന് ഹാജരായി. വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മിമിക്കും നടി ഉർവശി റൗട്ടേലയ്ക്കും സമൻസ് അയച്ചത്. ഉർവശി റൗട്ടേലയോട് നാളെ ന്യൂഡൽഹിയിലുള്ള എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റ് ഹെഡ് ക്വാർട്ടേഴ്സിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 1xBet എന്ന "നിയമവിരുദ്ധ" വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 1xBet ന്റെ ഇന്ത്യൻ അംബാസഡറാണ് ഉർവശി റൗട്ടേല. മിമിക്ക് ആപ്പുമായി ചില സാമ്പത്തിക ഇടപാടുകളുള്ളതായി സംശയിക്കുന്നതായി ഇ ഡി വ്യക്തമാക്കി.
കോടിക്കണക്കിന് രൂപയുടെ തട്ടിപ്പും വൻതോതിൽ നികുതി വെട്ടിപ്പ് നടത്തിയതായും ആരോപിക്കപ്പെടുന്ന നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകൾ ഉൾപ്പെടുന്ന നിരവധി കേസുകളാണ് ഇ ഡി അന്വേഷിക്കുന്നത്. വാതുവെപ്പ് വ്യവസായത്തിൽ 18 വർഷമായി പ്രവർത്തിക്കുന്ന കമ്പനിയാണ് 1xBet. ബ്രാൻഡിന്റെ ഉപഭോക്താക്കൾക്ക് നിരവധി കായിക ഇനങ്ങളിൽ വാതുവെപ്പ് നടത്താം. കമ്പനിയുടെ വെബ്‌സൈറ്റും ആപ്പും 70 ഭാഷകളിൽ ലഭ്യമാണ്.
ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാനെയും സുരേഷ് റെയ്‌നയെയും ചോദ്യം ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് നടിമാർക്ക് സമൻസ് അയച്ചത്. കേസുമായി ബന്ധപ്പെട്ട് ബംഗാളി നടൻ അങ്കുഷ് ഹസ്രയ്ക്കും കഴിഞ്ഞ മാസം ഇഡി സമൻസ് അയച്ചിരുന്നു. ഓൺലൈൻ വാതുവയ്‌പ്പ് ആപ്പുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻമാരായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി എന്നിവർക്കും ഇ ഡി സമൻസ് അയച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ കായികതാരങ്ങളെയും സെലിബ്രിറ്റികളെയും ഏജൻസി ചോദ്യം ചെയ്യുമെന്നാണ് വിവരം.
അടുത്തിടെ പുതിയ നിയമനിർമ്മാണത്തിലൂടെ കേന്ദ്ര സർക്കാർ റിയൽ മണി ഓൺലൈൻ ഗെയിമിംഗ് നിരോധിച്ചിരുന്നു. മാർക്കറ്റ് വിശകലന സ്ഥാപനങ്ങളുടെയും അന്വേഷണ ഏജൻസികളുടെയും കണക്കുകൾ പ്രകാരം, ഇത്തരം വിവിധ ഓൺലൈൻ വാതുവെപ്പ് ആപ്പുകളിലായി ഏകദേശം 22 കോടി ഇന്ത്യൻ ഉപയോക്താക്കളുണ്ട്. അതിൽ പകുതിയും (ഏകദേശം 11 കോടി) സ്ഥിരം ഉപയോക്താക്കളാണ്.









0 comments