ഇഡി മുൻ ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ സാമ്പത്തിക ഉപദേഷ്ടാവായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുൻ ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങി. പൂർണ സമയ അംഗമായാണ് സഞ്ജയ് കുമാറിനെ നിയമിച്ചത്. പ്രധാനമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ബിബേക് ദെബ്രോയ് കഴിഞ്ഞ നവംബറിലാണ് അന്തരിച്ചത്. തുടർന്നാണ് ഇപ്പോൾ സഞ്ജയ് മിശ്രയെ നിയമിച്ചത്.
പ്രധാനമന്ത്രിയെ സാമ്പത്തിക സംബന്ധമായ കാര്യങ്ങളിൽ ഉപദേശിക്കുന്നതിനായുള്ള സാമ്പത്തിക ഉപദേശക സമിതിയിൽ (ഇഎസി- പിഎം) സെക്രട്ടറി തലത്തിലാണ് നിയമനം. 1984 ബാച്ചിലെ ഐആർഎസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് കുമാർ മിശ്ര. 2018ലാണ് രണ്ടു വർഷത്തേക്ക് സഞ്ജയ് കുമാർ ഇഡി മേധാവിയായി നിയമിതനാകുന്നത്. രണ്ട് വർഷത്തേക്കായിരുന്നു കാലാവധി. ശേഷം സർക്കാർ വീണ്ടും കാലാവധി നീട്ടുകയായിരുന്നു. സഞ്ജയ് കുമാറിന്റെ നിയമന കാലാവധി നീട്ടുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു.
2021ൽ അവസാനിച്ച കാലാവധി 2022 നവംബർ വരെ ഒരു വർഷത്തേക്ക് വീണ്ടും കേന്ദ്രം നീട്ടിനൽകിയിരുന്നു. വീണ്ടും 2023 നവംബർ വരെ കാലാവധി നീട്ടിയത് സുപ്രീംകോടതി സെപ്തംബർ വരെയാക്കി ചുരുക്കി. നിലവിൽ സുമൻ ബേരിയാണ് സമിതിയുടെ ചെയർമാൻ. സഞ്ജീവ് സന്യാൽ, ഡോ. ഷമിക രവി എന്നിവർ അംഗങ്ങളും രാകേഷ് മോഗൻ, ഡോ. സജ്ജിദ് ചിനോയ്, ഡോ. നീൽകാന്ത് മിശ്ര, നിലേഷ് ഷാ, പ്രൊഫ. ടി ടി റാംമോഹൻ, ഡോ. പൂനം ഗുപ്ത എന്നിവർ പാർട് ടൈം അംഗങ്ങളുമാണ്. സഞ്ജയ് കുമാർ മിശ്ര മോധാവിയായിരുന്ന കാലത്താണ് ഇഡി പ്രതിപക്ഷ നേതാക്കൾക്കെതിരെ വ്യാപക അന്വേഷണവുമായി രംഗത്തെത്തിയത്.









0 comments