മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നവീൻ ചൗള അന്തരിച്ചു

ഡൽഹി: 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ച മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ (സിഇസി) നവീൻ ചൗള(73) അന്തരിച്ചു. ശനിയാഴ്ച ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
മസ്തിഷ്ക ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.
അരുണാചൽ പ്രദേശ്-ഗോവ-മിസോറാം, യൂണിയൻ ടെറിട്ടറി (എജിഎംയുടി) കേഡറിലെ 1969-ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായി വിരമിച്ച അദ്ദേഹം 2005 മെയ് 16-ന് തെരഞ്ഞെടുപ്പ് കമീഷണറായി ചുമതലയേറ്റു. 2009 ഏപ്രിൽ 20 വരെ സേവനമനുഷ്ഠിച്ചു. 2010 ജൂലൈ 29 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി. 1945 ജൂലൈ 30ന് ജനിച്ച ചൗള ഹിമാചൽ പ്രദേശിലെ ലോറൻസ് സ്കൂളിലും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും ഉപരിപഠനം നടത്തി.
ട്രാൻസ്‌ജെൻഡർ വോട്ടർമാരെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിൽ നവീൻ ചൗള എടുത്ത തീരുമാനങ്ങൾ ശ്രദ്ധേയമാണ്. ട്രാൻസ്‌ജെൻഡർ വോട്ടർമാരെ 'ആൺ' അല്ലെങ്കിൽ 'പെൺ' എന്ന് വോട്ട് ചെയ്യാൻ നിർബന്ധിക്കുന്നതിന് പകരം "മറ്റുള്ളവർ" എന്ന പുതിയ വിഭാഗത്തിൽ വോട്ട് ചെയ്യാൻ പ്രാപ്‌തമാക്കുന്നത് ഉൾപ്പെടെ നിരവധി പരിഷ്‌കാരങ്ങൾക്ക് നേതൃത്വം നൽകി
ബിജെപിയുടെ കണ്ണിലെ കരടായിരുന്നു നവീൻ ചൗള. ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമീഷണർ സ്ഥാനത്ത് നിന്ന് നീക്കാൻ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ എന്‍ ഗോപാലസ്വാമി സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. നവീൻ ചൗള പക്ഷപാതപരമായി പെരുമാറുന്നുവെന്നായിരുന്നു ആരോപണം. 2006ൽ ചൗളയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാഷണൽ ഡെമോക്രാറ്റിക് അലയൻസ് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകിയിരുന്നു.









0 comments