ഛത്തീസ്‌ഗഡിൽ സ്വകാര്യഖനിക്കായി 1,742 ഹെക്ടർ വനം നശിപ്പിക്കുന്നു; കേന്ദ്രം ഇടപെടണം: ബൃന്ദ കാരാട്ട്

BRINDA KARAT
ന്യൂഡൽഹി : കെന്റെ കൽക്കരി ഖനി വിപുലീകരണത്തിനായി 1,742 ഹെക്ടർ നിബിഡ വനഭൂമി നശിപ്പിക്കാനുള്ള പദ്ധതിയിൽനിന്ന് ഛത്തീസ്‌ഗഡ് സർക്കാരിനെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് കത്തയച്ചു. സുർഗുജ ജില്ലാവനപാലകൻ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന വനംവകുപ്പ് പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്.
വിശാല ഹസ്‌ദേവ്- ആരന്ദ് മേഖല കൽക്കരി ഖനന പദ്ധതിയുടെ ഭാഗമായ ഈ നീക്കത്തിന് രാജസ്ഥാൻ സർക്കാർ ഊർജ സംരംഭത്തിന്റെ പേരിൽ അനുമതി നേടിയിരുന്നു. രാജസ്ഥാനിലെ മുൻ സർക്കാർ, അദാനി ഗ്രൂപ്പിന് 74 ശതമാനം ഓഹരിപങ്കാളിത്തം നൽകി പർസ കെന്റെ കൊലിയറീസ് എന്ന സംയുക്ത സംരംഭത്തിന് രൂപം കൊടുത്തു. ഹസ്‌ദേവ്- പർസ ഖനി പദ്ധതിയുടെ മൈൻ ഡവലപ്പറും ഓപ്പറേറ്ററുമായി ഈ കമ്പനിയെ നിയോഗിച്ചു. ഇവിടെനിന്ന് കുഴിച്ചെടുത്ത കൽക്കരിയിൽ ഗണ്യമായ പങ്ക് ‘ഉപയോഗശൂന്യമായ കൽക്കരി’ എന്ന പേരിൽ സ്വകാര്യകമ്പനികൾക്ക് കൈമാറിയെന്ന് രേഖകൾ വ്യക്തമാക്കുന്നു. ‘പൊതുതാൽപര്യത്തിന്റെ’ അടിസ്ഥാനത്തിലാണ് കെന്റെ ഖനിക്ക് അനുമതി നൽകിയതെന്ന് അവകാശപ്പെടുന്നതിനാൽ ഈ വസ്‌തുത പ്രസക്തമാണ്. ഇവിടെ പൊതുതാൽപര്യമൊന്നുമില്ല, പ്രകൃതി വിഭവങ്ങൾ സ്വകാര്യകമ്പനികൾക്കായി ചൂഷണം ചെയ്യുകയാണ്.
ഈ പദ്ധതി നടപ്പായാൽ ഗുരുതര ഭവിഷ്യത്തുകൾ ഉണ്ടാകും. 4.5 ലക്ഷം മരങ്ങൾ വെട്ടിവീഴ്‌ത്തും. കാർബൺ മാലിന്യം വൻതോതിൽ വലിച്ചെടുക്കുന്ന തദ്ദേശീയ ഇന മരങ്ങളാണിവ. നിലവിൽ നടക്കുന്ന ഖനനരീതി കൊണ്ടുതന്നെ വെള്ളവും വായുവും മരങ്ങളും രൂക്ഷമായി മലിനപ്പെട്ടിരിക്കയാണ്. ഗ്രാമസഭകളുടെ അനുമതി നേടിയിരിക്കണമെന്ന നിയമവ്യവസ്ഥ പാലിക്കാതെയാണ് പദ്ധതിക്ക് അനുമതി. പ്രാദേശിക സമൂഹങ്ങൾ 15,00ഓളം പരാതികൾ രേഖാമൂലം നൽകിയെങ്കിലും സർക്കാർ അതെല്ലാം അവഗണിച്ചു. നിബിഡ വനത്തിൽ മനുഷ്യവാസം കുറവാണെങ്കിലും പരിസരങ്ങളിലെ ഗോത്രവിഭാഗങ്ങളെ ഖനനം പ്രതികൂലമായി ബാധിക്കും. സ്വകാര്യകമ്പനിയുടെ നേട്ടത്തിനായി സമ്പന്നമായ ജൈവവൈവിധ്യം തകർക്കരുതെന്ന് ബൃന്ദ ആവശ്യപ്പെട്ടു.









0 comments