കർണാടകത്തിലെ വന്യജീവി സങ്കേതത്തിൽ അഞ്ച് കടുവകൾ ചത്ത നിലയിൽ

MM HILLS TIGER

PHOTO CREDIT: X

വെബ് ഡെസ്ക്

Published on Jun 26, 2025, 07:52 PM | 1 min read

ബം​ഗളൂരു: കർണാടകത്തിലെ വന്യജീവി സങ്കേതത്തിൽ അഞ്ച് കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. ചാമരാജനഗർ ജില്ലയിലെ എംഎം ഹിൽസ് വന്യജീവി സങ്കേതത്തിലാണ് ഒരു കടുവയെയും നാല് കുഞ്ഞുങ്ങളെയും ചത്ത നിലയിൽ കണ്ടെത്തിയത്. വിഷബാധയേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ വനം മന്ത്രി ഈശ്വർ ഖന്ദ്രെ അന്വേഷണത്തിന് ഉത്തരവിട്ടു.


വിഷയത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വന്യജീവി) അന്വേഷണം നടത്തും. ഒറ്റ ദിവസം അഞ്ച് കടുവകൾ ചത്തത് വളരെയധികം ആശങ്കാജനകമാണ്. കടുവകളുടെ മരണത്തെ കർണാടക സർക്കാർ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി പറഞ്ഞു. അന്വേഷണം പൂർത്തിയാക്കി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി.


വനം വകുപ്പ് ജീവനക്കാർക്ക് അശ്രദ്ധയുണ്ടായെന്ന തെളിഞ്ഞാൽ കടുത്ത നടപടികളെടുക്കും. അങ്ങനെ കണ്ടെത്തിയാൽ കുറ്റവാളികൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു.


എംഎം ഹിൽസ് വന്യജീവി സങ്കേതത്തിലെ ഹൂഗ്യം റേഞ്ചിലെ മീന്യത്തിന് സമീപമാണ് അഞ്ച് കടുവകളുടെ ജഡങ്ങൾ കണ്ടെത്തിയത്. അസ്വാഭാവിക മരണമാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം അറിയാൻ സാധിക്കൂ എന്നും ചാമരാജനഗർ സർക്കിളിലെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ടി ഹീരലാൽ പറഞ്ഞു.


കടുവകളുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കർണാടക. 563 കടുവകൾ സംസ്ഥാനത്തുള്ളതായാണ് കണക്ക്. 906 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് എംഎം ഹിൽസ് വന്യജീവി സങ്കേതം. കടുവ, പുള്ളിപ്പുലി, ആന തുടങ്ങിയ വന്യ ജീവികളുടെ ആവാസ കേന്ദ്രമാണ്.


എംഎം ഹിൽസ് വന്യജീവി സങ്കേതത്തെ കടുവ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നീക്കം നിർത്തിവയ്ക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home