ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ പാകിസ്ഥാന്റെ ആറ് വിമാനങ്ങൾ തകർത്തെന്ന് വ്യോമസേന മേധാവി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ ആറ് വിമാനങ്ങൾ ഇന്ത്യ തകർത്തെന്ന് വ്യോമസേന മേധാവി എയർ മാർഷൽ എ പി സിങ്. അഞ്ച് യുദ്ധ വിമാനങ്ങളക്കം ആറ് വിമാനങ്ങൾ തകർത്തിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങിയ വ്യോമ പ്രതിരോധ സംവിധാനമായ എസ് 400 (സുദർശന ചക്ര) ആണ് പാക് വിമാനങ്ങളെ തകർത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യമായാണ് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വ്യോമസേനാ മേധാവി പ്രതികരിക്കുന്നത്.
റഷ്യ ആയുധക്കമ്പനി അൽമാസ്- ആന്റേ വികസിപ്പിച്ചെടുത്ത എസ്-400, ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര ഉപരിതല മിസൈൽ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ്. സുദർശന ചക്ര പ്രതിരോധിച്ച പാകിസ്ഥാൻ ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ ഇന്ത്യയുടെ പല സ്ഥലങ്ങളിൽനിന്ന് കണ്ടെടുത്തിയിരുന്നു.
യുദ്ധവിമാനങ്ങൾ, ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ തകർക്കാൻ കഴിയുന്ന വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400. 40 മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള സ്റ്റെൽത്ത് എയർക്രാഫ്റ്റുകൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, ക്രൂസ് അല്ലെങ്കിൽ ബാലിസ്റ്റിക് മിസൈലുകൾ എന്നിവയുൾപ്പെടെ കണ്ടെത്താനും ട്രാക് ചെയ്യാനും നേരിടാനും എസ്-400ന് കഴിയും. ഓരോ എസ്-400 സ്‌ക്വാഡ്രണിലും രണ്ട് വിഭാഗമുണ്ട്. ഓരോ വിഭാഗത്തിലും ആറ് മിസൈൽ ലോഞ്ചറുകൾ, നൂതന റഡാർ സംവിധാനങ്ങൾ, ഒരു സെൻട്രൽ കമാൻഡ് പോസ്റ്റ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഇവയ്‌ക്ക് ഒരുമിച്ച് 128 മിസൈലുകൾ വരെ വിക്ഷേപിക്കാനാകും. അഞ്ച് എസ്-400 മിസൈൽ സംവിധാനമാണ് ഇന്ത്യ റഷ്യയിൽനിന്ന് വാങ്ങിയത്.
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയായി മേയ് ഏഴിനാണ് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചത്. പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരർ നടത്തിയ വെടിവയ്പിൽ മലയാളി ഉൾപ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്.









0 comments