തെലങ്കാനയിൽ ആദ്യ ഗില്ലൻബാ സിൻഡ്രോം കേസ് റിപ്പോർട്ട് ചെയ്തു

ഹൈദരാബാദ്: തെലങ്കാനയിൽ ആദ്യ ഗില്ലൻബാ സിൻഡ്രോം (ജിബിഎസ്) കേസ് റിപ്പോർട്ട് ചെയ്തു. സിദ്ദിപേട്ട് ജില്ലയിൽ നിന്നുള്ള ഇരുപത്തിയഞ്ചുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതിയെ തെലങ്കാനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില ഗുരുതരമായതോടെ യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റിയതായാണ് വിവരം. നിലവിൽ പൂനെയിലും പരിസര പ്രദേശങ്ങളിലും രോഗവ്യാപനമുണ്ട്. എന്നാൽ യുവതി ചികിത്സയുലുള്ള ആശുപത്രി അധികൃതർ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം രോഗിയോ രോഗിയുടെ അടുത്ത ബന്ധുക്കളോ പൂനെയിലോ പരിസര പ്രദേശങ്ങളിലേക്കോ യാത്ര ചെയ്തിട്ടില്ല.
മഹാരാഷ്ട്ര ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് 130 പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇവരെ നിരീക്ഷിച്ച് വരികയാണ്. രോഗം ബാധിച്ച് രണ്ട് പേർ മരിച്ചതായും റിപ്പോർട്ട് ഉണ്ട്. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പൂനെയിൽ ജിബിഎസ് പടർന്ന് പിടിച്ചത് മലിന ജലസ്രോതസ്സുകളിൽ നിന്നാണെന്നാണ് റിപ്പോർട്ടുകൾ. മലിനമായ ഭക്ഷണത്തിലും വെള്ളത്തിലും കാണപ്പെടുന്ന കാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയയാണ് നാഡീ വ്യവസ്തയെ ട്രിഗർ ചെയ്തത് എന്നാണ് കരുതപ്പെടുന്നത്.
മനുഷ്യരുടെ രോഗപ്രതിരോധശക്തി സ്വന്തം നാഡീവ്യൂഹത്തെ തന്നെ ‘അബദ്ധവശാൽ’ ആക്രമിക്കുന്ന ഗുരുതര അവസ്ഥയാണ് ഗില്ലൻബാ സിൻഡ്രോം. നാഡീവ്യവസ്ഥയെ ബാധിക്കുന്നതായതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ അപകടസാധ്യത കൂടുതലാണ്. വൈറസോ ബാക്ടീരിയയോ കാരണമുണ്ടാകുന്ന അണുബാധയ്ക്ക് പിന്നാലെയാണ് പൊതുവേ ഈ രോഗമുണ്ടാകുന്നത്. ആദ്യം കാലുകളിലെയും പിന്നീട് ഉടലിലെയും പേശികളെ രോഗം തളർത്തുന്നു. മുഖത്തെ പേശികൾ ചലിപ്പിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാകാം.









0 comments