ജില്ലാകേന്ദ്രങ്ങളിൽ പ്രക്ഷോഭങ്ങൾ നടത്താൻ അഖിലേന്ത്യ കിസാൻസഭ
വളംക്ഷാമം അതിരൂക്ഷം ; കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്

ന്യൂഡൽഹി
വളംക്ഷാമം അതിരൂക്ഷമായിട്ടും നടപടിയെടുക്കാത്ത കേന്ദ്രസർക്കാരിനെതിരെ കർഷകർ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്. പ്രശ്‌നപരിഹാരത്തിന് കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ലാകേന്ദ്രങ്ങളിൽ ശക്തമായ പ്രക്ഷോഭങ്ങൾ നടത്താൻ അഖിലേന്ത്യ കിസാൻസഭ ആഹ്വാനം ചെയ്‌തു.
മിക്ക സംസ്ഥാനത്തും വിതയ്‌ക്കൽ സമയമായിട്ടും ആവശ്യത്തിന് വളം ലഭിക്കാതെ കർഷകർ പ്രതിസന്ധിയിലാണ്. രാജ്യത്ത് കഴിഞ്ഞ പതിറ്റാണ്ടിൽ രാസവള ഉൽപ്പാദനം ഗണ്യമായി കുറച്ചതോടെ വളം വൻതോതിൽ ഇറക്കുമതി ചെയ്യേണ്ടി വരുന്നു. രാസവള വിതരണത്തിന്റെ മൊത്തവിതരണത്തിൽ ഇറക്കുമതി വിഹിതം ഗണ്യമായി വർദ്ധിച്ചു. ഡൈ അമോണിയം ഫോസ്‌ഫേറ്റ് (ഡിഒപി) പൂർണമായും മ്യൂറിയറ്റ് ഓഫ് പൊട്ടാഷ് (എംഒപി) 60 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. രാസവള മേഖലയുടെ നിയന്ത്രണം ആഗോളകുത്തകകൾ ഏറ്റെടുത്തതോടെ അന്താരാഷ്ട്രതലത്തിൽ വലിയരീതിയിൽ വില കൂടി. ആഗോളതലത്തിൽ വിതരണക്കമ്പനികളുടെ ലാഭവിഹിതം 2022ൽ 36 ശതമാനം വരെയായി കുതിച്ചുയർന്നു.
വിലക്കയറ്റത്തിൽനിന്ന് കർഷകരെ രക്ഷിക്കാൻ നടപടിയെടുക്കാതെ കേന്ദ്രസർക്കാർ കുത്തകകളെ സഹായിച്ചു. നവഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി 2010ൽ ന്യൂട്രിയന്റ് ബേസ്‌ഡ് സബ്‌സിഡി സ്‌കീം (എൻബിഎസ്‌സി) വന്നതോടെ കമ്പനികൾക്ക് വിപണിസാഹചര്യം അനുസരിച്ച് വില നിശ്‌ചയിക്കാമെന്ന സാഹചര്യമുണ്ടായി. ഇതിനുപിന്നാലെ, യൂറിയ ഒഴിച്ചുള്ള വളങ്ങളുടെ വില പലമടങ്ങ് ഉയർന്നു. എംഒപി വില 2009–-2010ൽ ടണ്ണിന് 4455 ആയിരുന്നത് 2023 ആഗസ്‌തിൽ ടണ്ണിന് 34,644 ആയി. ഡിഎപി വില 2009–-2010ൽ 15,085 ആയിരുന്നത് 2023ൽ 27,000 ആയി. എൻഡിഎ സർക്കാരാകട്ടെ, 2022–-2023ൽ 2,51,339 കോടിയായിരുന്ന വളം സബ്‌സിഡി 2023–-2024ൽ 1,88,894 കോടിയായും 2024–-2025ൽ 1,64,000 കോടിയായും വെട്ടിക്കുറച്ചു.
വളം ഉൽപ്പാദനത്തിൽ രാജ്യത്തെ സ്വയംപര്യാപ്‌തരാക്കേണ്ടതിന് പകരം നാനോ യൂറിയ, സീറോ ബജറ്റ് ഫാമിങ് പോലുള്ള തെളിയിക്കപ്പെടാത്ത സാങ്കേതികവിദ്യകൾക്ക് പ്രചാരം നൽകാനാണ് മോദി സർക്കാർ പരിശ്രമിക്കുന്നത്. കർഷകർക്ക് ന്യായവിലയ്‌ക്ക് വളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ ആവശ്യപ്പെട്ടു.









0 comments