റിപ്പബ്ലിക് ദിനം പരേഡ് നടത്താൻ കർഷകർ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യവ്യാപക കർഷക പരേഡിന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം നൽകി. കർഷക സംഘടനകൾ വർഷങ്ങളായി സമരമുഖത്ത് തുടരുമ്പോഴും ന്യായമായ ആവശ്യങ്ങളിൽ ചർച്ചപോലും നടത്താൻ കേന്ദ്രസർക്കാരോ പ്രധാനമന്ത്രിയോ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് പരേഡ്. ട്രാക്‌ടറുകളിലും മോട്ടോർ സൈക്കിളിലും ജില്ല, ഉപജില്ലാതലങ്ങളിൽ പരേഡ് നടത്തും. എസ്‌കെഎമ്മിന്റെ എല്ലാ സംസ്ഥാന കോർഡിനേഷൻ സമിതികളും അടിയന്തരമായി യോഗം ചേർന്ന് തയാറെടുപ്പ് നടത്തണം. മോദി സ്വേച്ഛാധിപത്യ നിലപാട് ഉപേക്ഷിച്ച് കർഷകരുമായി ചർച്ചയ്‌ക്ക് ഉടൻ തയ്യാറാകണമെന്നും മോർച്ച ആവശ്യപ്പെട്ടു.
ഹരിയാന –-പഞ്ചാബ് അതിർത്തിയിൽ സമരം തുടരുന്ന സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച സംഘടനകളുമായി ഖന്നൗരിക്ക് സമീപമുള്ള പത്‌റായിൽ എസ്‌കെഎമ്മിന്റെ ആറംഗ പ്രതിനിധി സംഘം തിങ്കളാഴ്‌ച രണ്ടാംഘട്ട ഐക്യചർച്ച നടത്തും. സംഘടനകളുടെ അഭ്യർഥന മാനിച്ചാണ് ചുനാഗിര റോഡിലെ ഗുരുദ്വാര സാഹിബിൽ ചർച്ച നടത്തുന്നത്. അതിനിടെ ഖന്നൗരി പ്രക്ഷോഭത്തിൽ പങ്കെടുത്ത ഒരു കർഷകൻകൂടി ഞായറാഴ്‌ച മരിച്ചു. ഫരീദ്കോട്ട് സ്വദേശിയായ ജഗ്ഗ സിങ്( 80) ആണ് പട്യാല രജീന്ദ്ര മെഡിക്കൽ കോളേജിൽ മരിച്ചത്.
എംഎസ്‌പി നൽകേണ്ടന്ന് ബിജെപി
കർഷകർ ആവശ്യപ്പെടുന്നപോലെ വിളകളുടെ താങ്ങുവിലയ്‌ക്ക് നിയമപരിരക്ഷ നൽകേണ്ടെന്ന പ്രകോപനപരമായ പ്രസ്‌താവനയുമായി പഞ്ചാബ് ബിജെപി പ്രസിഡന്റ് സുനിൽ ജാഖർ. എംഎസ്‌പി കർഷകർക്ക് ഗുണം ചെയ്യില്ല. രോഗത്തെക്കുറിച്ച് അറിയാതെ മരുന്നുകഴിക്കുന്നത് പോലെയാണത്–-ജാഖർപറഞ്ഞു.









0 comments