മോദിയുടെ കർഷകസ്‌നേഹം കപടം: കിസാൻ സഭ
ഉയരും കർഷകരോഷം ; ‘കോർപറേറ്റ്സ് ക്വിറ്റ് ഇന്ത്യ’ മുദ്രാവാക്യമുയർത്തി ഇന്ന് രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിത ഇറക്കുമതി തീരുവ ചുമത്തിയ അമേരിക്കയുടെ ചൂഷക നയങ്ങൾക്കെതിരെ രാജ്യത്തെ കർഷകരും തൊഴിലാളികളും ബുധനാഴ്‌ച പ്രക്ഷോഭത്തിലേക്ക്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പ്രതിരോധം തീർത്തതിന് സമാനമായി ‘കോർപ്പറേറ്റ്‌സ് ക്വിറ്റ് ഇന്ത്യ’ മുദ്രാവാക്യമുയർത്തി ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രതിഷേധിക്കും. ട്രാക്ടർ റാലികൾക്കും ട്രംപിന്റെ കോലം കത്തിക്കാനും കർഷക, തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്‌തു. ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാതെ നിലപാടെടുക്കാൻ കേന്ദ്രസർക്കാർ തയാറാകണം. വ്യാപാര ചർച്ചകളുടെ പേരിൽ കാർഷിക, ക്ഷീര, മത്സ്യ ഉൽപ്പാദന മേഖലകളെ അമേരിക്കൻ കുത്തകകൾക്ക് അടിയറവ് വയ്‌ക്കരുത്. അമേരിക്കയെ പ്രീതിപ്പെടുത്താൻ ഇന്ത്യയുടെ പരമാധികാരം തീറെഴുതരുത്. സ്വതന്ത്ര വ്യാപാര കരാറിലെ ചർച്ചകൾ പാർലമെന്റ് പുനഃപരിശോധിക്കണമെന്നും കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ജിഡിപിയിൽ 70 ലക്ഷം കോടി രൂപ സംഭാവന ചെയ്യുന്നത് കാർഷിക മേഖലയിലെ കോർപ്പറേറ്റ് ഇടപെടലുകൾക്കെതിരെയും പ്രതിഷേധമുയരും.
സംയുക്ത കിസാൻ മോർച്ച, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകൾ നേതൃത്വം നൽകുന്ന പ്രക്ഷോഭത്തിൽ ഭാരതീയ ഖേത് മസ്ദൂർ യൂണിയൻ (ബികെഎംയു), അഖിലേന്ത്യ റൂറൽ ലേബറേഴ്സ് അസോസിയേഷൻ (എഐഎആർഎൽഎ), അഖിലേന്ത്യ സംയുക്ത് കിസാൻ സഭ (എഐഎസ്‌കെഎസ്), അഖിലേന്ത്യ അഗ്രികൾച്ചറൽ കിസാൻ സ്റ്റുഡന്റ്സ് യൂണിയൻ (എഐഎകെഎസ്‌യു) തുടങ്ങി പത്തിലേറെ കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രതിഷേധത്തിൽ പങ്കാളികളാകും.
മോദിയുടെ കർഷകസ്‌നേഹം കപടം: കിസാൻ സഭ
‘കർഷക ക്ഷേമം’ കേന്ദ്രസർക്കാരിന്റെ മുൻഗണനയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള നുണയാണെന്ന് അഖിലേന്ത്യ കിസാൻസഭ. 11 വർഷത്തെ ഭരണത്തിൽ കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ തയാറായില്ല. വായ്‌പ എഴുതിതള്ളാൻ വിസമ്മതിച്ചും കൃഷിചിലവ് വർധിപ്പിച്ചും പ്രതിസന്ധി കൂടുതൽ വഷളാക്കി. കോർപ്പറേറ്റ്, വിദേശ താൽപര്യങ്ങൾക്ക് കീഴടങ്ങി സ്വതന്ത്ര വ്യാപാര കരാറുകളും സ്വകാര്യവൽകരണവും നടപ്പിലാക്കി. . ട്രംപിന്റെ ചൂഷക നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിൽ എല്ലാ ജനങ്ങളും പങ്കാളികളാകണം – പ്രസ്‌താവനയിൽ പറഞ്ഞു.









0 comments