കർഷക സമരത്തിനു നേരെ പൊലീസിന്റെ അതിക്രമം; താൽക്കാലിക ഷെഡുകളും സ്‌റ്റേജും പൊളിച്ചുമാറ്റി

photo credit: X
ന്യൂഡൽഹി: പഞ്ചാബിൽ കർഷകർക്കു നേരെ പൊലീസിന്റെ അക്രമണം. ശംഭു, ഖനൗരി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കിസാൻ മസ്ദൂർ മോർച്ച (കെഎംഎം), സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര) നേതാക്കളായ സർവൻ സിംഗ് പാന്ഥർ, ജഗ്ജിത് സിംഗ് ദല്ലേവാൾ എന്നിവരെ കസ്റ്റഡിയിലെടുത്തു. കർഷകരുടെ താൽക്കാലിക ഷെഡുകളും സ്‌റ്റേജും പൊലീസ് പൊളിച്ചുമാറ്റി.
കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾക്കായി ചണ്ഡീഗഡിൽ കേന്ദ്രമന്ത്രിമാരെ കണ്ട ശേഷം ആംബുലൻസിൽ ഖനൗരി അതിർത്തിയിലേക്ക് പോകുകയായിരുന്ന ദല്ലേവാളിനെ സിറാക്പൂരിന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. മൊഹാലിയിൽ വെച്ച് പാന്ഥറെയും കസ്റ്റഡിയിലെടുത്തു. പതിനാല് കർഷക നേതാക്കളെയും കർഷകരെയും കസ്റ്റഡിയിലെടുത്തു.
നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ല, ദല്ലേവാളിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നും പാന്ഥറിനെ മറ്റ് നേതാക്കൾക്കൊപ്പം ജയിലിൽ അടയ്ക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
മിനിമം താങ്ങുവില ഏർപ്പെടുത്തുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, ലഖിംപൂർ ഖേരി അക്രമത്തിന്റെ ഇരകൾക്ക് നീതി ഉറപ്പാക്കുക എന്നിങ്ങനെ 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് പഞ്ചാബ്–ഹരിയാന അതിർത്തിയിലെ ഖന്നൗരിയിൽ നവംബർ 26 മുതൽ കർഷകർ സമരം നടത്തുന്നത്.









0 comments