തായ്‌ലൻഡിൽ സൈബർ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ കുടുങ്ങിയ 540 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

ന്യൂഡൽഹി: വ്യാജ ജോലി വാഗ്ദാനങ്ങളിലൂടെ സൈബർ തട്ടിപ്പുകാരുടെ കൈയിൽ കുടുങ്ങിയ 540ഓളം ഇന്ത്യക്കാരെ തായ്‌ലൻഡിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും രക്ഷപ്പെടുത്തി. ഇതിൽ 283 പേരുമായുള്ള ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) വിമാനം ഇന്നലെ തിരിച്ചെത്തി. ബാക്കിയുള്ളവരെ മേ സോട്ടിൽ നിന്ന് രണ്ടാമത്തെ വിമാനത്തിൽ ഇന്ന് തിരികെ കൊണ്ടുവരും.
സൈബർ തട്ടിപ്പിലൂടെ വ്യാജ ജോലി വാഗ്ദാനം ചെയ്ത് കുടുക്കിലാക്കിയ ഇവരെ തായ്‌ലൻഡ്, കംബോഡിയ, ലാവോസ്, മ്യാൻമർ എന്നിവിടങ്ങളിലെ വ്യാജ കോൾ സെന്ററുകളിലേക്കാണ് കൊണ്ടുപോയത്. പിന്നീട് മ്യാൻമർ-തായ്‌ലൻഡ് അതിർത്തിയിലെ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന തട്ടിപ്പ് കേന്ദ്രങ്ങളിൽ സൈബർ കുറ്റകൃത്യങ്ങളും മറ്റ് ക്രമക്കേടുകളും നടത്താനും തട്ടിപ്പുകാര്‍ ഇവരെ നിർബന്ധിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മ്യാൻമർ സൈന്യമാണ് തട്ടിപ്പ് സംഘത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. മ്യാൻമറിലെയും തായ്‌ലൻഡിലെയും ഇന്ത്യൻ എംബസികൾ പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ചാണ് ഇവരെ നാട്ടിലേക്ക് തിരിച്ചയച്ചത്. രക്ഷപെടുത്തിയ എല്ലാവരെയും ആദ്യം മേ സോട്ട് എന്ന പട്ടണത്തിലേക്കാണ് എത്തിച്ചത്. പിന്നീട് ഇവിടെ നിന്നും ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ ഡൽഹിയിലെത്തിക്കുകയായിരുന്നു.
തായ്‌ലൻഡ്, ലാവോസ്, മ്യാൻമർ എന്നീ രാജ്യങ്ങളുടെ അന്താരാഷ്ട്ര അതിർത്തികൾ കൂടിച്ചേരുന്ന തെക്കുകിഴക്കൻ ഏഷ്യയിലെ ഗോൾഡൻ ട്രയാംഗിൾ മേഖലയാണ്, ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ വ്യാപകമായി നടക്കുന്ന വ്യാജ കോൾ സെന്ററുകൾ പ്രവർത്തിക്കുന്ന പ്രധാന കേന്ദ്രം. വ്യാജ ജോലി വാഗ്ദാനങ്ങൾ നൽകി ഇന്ത്യക്കാരെ ലക്ഷ്യമിടുന്ന ഇത്തരം റാക്കറ്റുകളെക്കുറിച്ച് നിരന്തരം മുന്നറിയിപ്പ് നൽകുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു.
വിദേശത്ത് ജോലി വാഗ്ദാനം ലഭിച്ചാൽ അവ സ്വീകരിക്കുന്നതിന് മുമ്പ് വിദേശത്തുള്ള ഇന്ത്യൻ എംബസികൾ, റിക്രൂട്ടിംഗ് ഏജന്റുമാർ, കമ്പനികൾ എന്നിവയിലൂടെ തൊഴിലുടമകളുടെ സാധുത സ്ഥിരീകരിക്കണമെന്നും നിർദേശമുണ്ട്. കഴിഞ്ഞ ഡിസംബറിൽ, നിരവധി ഇന്ത്യക്കാരെ ഇത്തരം തട്ടിപ്പുകൾക്ക് ഇരയാക്കിയ ഒരു ഏജന്റ് ഹൈദരാബാദിൽ അറസ്റ്റിലായിരുന്നു.









0 comments