ഫരീദാബാദിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത കേസ്; 15 ദിവസത്തിനുള്ളിൽ രണ്ട് ഡോക്ടർമാർ അറസ്റ്റിൽ

ഡോ. ആദിൽ അഹമ്മദ് റാത്തർ
ന്യൂഡൽഹി: ഡൽഹിക്ക് സമീപം ഫരീദാബാദിൽ നടന്ന വൻ സ്‌ഫോടകവസ്തു വേട്ടയിൽ പതിനഞ്ച് ദിവസത്തിനുള്ളിൽ രണ്ട് ജമ്മു കശ്മീർ ഡോക്ടർമാർ പിടിയിലായി. ഡോ. ആദിൽ അഹമ്മദ് റാത്തർ, ഡോ. മുജമ്മിൽ ഷക്കീൽ എന്നിവരാണ് പിടിയിലായത്. നിരോധിത ഭീകര സംഘടയെ അനുകൂലിച്ച് പോസ്റ്റർ പതിച്ചതിന് ഡോ. ആദിൽ അഹമ്മദ് നേരത്തെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സുപ്രധാന വിവരങ്ങൾ ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഫരീദാബാദിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
350 കിലോ സ്ഫോടകവസ്തുക്കളോടൊപ്പം 20 ടൈമറുകളും ഫരീദാബാദിൽ നിന്ന് അസോൾട്ട് റൈഫിളും പിസ്റ്റൾ, മൂന്ന് മാഗസിനുകൾ, ഒരു വാക്കി-ടോക്കി സെറ്റ് എന്നിവയും കണ്ടെടുത്തതായി പൊലീസ് കമീഷണർ സതേന്ദർ കുമാർ ഗുപ്ത പറഞ്ഞു. ഇവ സൂക്ഷിക്കാൻ ഉപയോഗിച്ച കാർ ഫരീദാബാദിലെ അൽ-ഫലാ ആശുപത്രിയിൽ ഡോ. മുജമ്മിൽ ഷക്കീലിന്റെ സഹപ്രവർത്തകയായ വനിതാ ഡോക്ടറുടേതാണെന്ന് തിരിച്ചറിഞ്ഞു.
ദേശീയ തലസ്ഥാനത്തിന് സമീപ പ്രദേശത്ത് നിന്ന് ജമ്മു കശ്മീർ പൊലീസിന്റെ സംഘമാണ് 350 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തത്. പിടിച്ചെടുത്തത് അമോണിയം നൈട്രേറ്റ് ആണെന്ന് സംശയിക്കുന്നു. ഒക്ടോബർ 27 നാണ് ജെയ്‌ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ പതിപ്പിച്ചതിന് ആദിൽ അഹമ്മദ് പിടിയിലാകുന്നത്.









0 comments