ലാറ്ററൽ എൻട്രി നിയമനങ്ങളിലെ സംവരണ അട്ടിമറി; വീണ്ടും ന്യായീകരണവുമായി കേന്ദ്രം

Lateral Entry
വെബ് ഡെസ്ക്

Published on Aug 21, 2025, 05:56 PM | 2 min read

സംവരണ അട്ടിമറിയും ഉന്നത തസ്തികകളിലെ തിരുകിക്കയറ്റലും ആരോപിക്കപ്പെട്ട ലാറ്ററൽ എൻട്രി നിയമനങ്ങളിൽ വീണ്ടും ന്യായീകരണവുമായി കേന്ദ്ര സർക്കാർ. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം പിരിയുന്ന അവസാന ദിവസം ലാറ്ററൽ എൻട്രിയിൽ സംവരണം സാധ്യമല്ലെന്ന വിശദീകരണവുമായി കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ് രംഗത്തെത്തി.


കഴിഞ്ഞ വർഷം കനത്ത പ്രതിഷേധത്തെ തുടർന്ന് യു പി എസ് സി വഴിയുള്ള ലാറ്ററൽ എൻട്രി നിയമന നീക്കം നിർത്തിവെച്ചതായിരുന്നു. എന്നാൽ പാർലമെന്റിൽ നൽകിയ ഉത്തരത്തിൽ സംവരണ വിഭാഗങ്ങൾക്കെതിരായ പഴയ നിലപാട് മന്ത്രി ആവർത്തിച്ചു. ലാറ്ററൽ എൻട്രി മോഡ് വഴി നടത്തുന്ന നിയമനങ്ങളിൽ സംവരണം ബാധകമല്ലെന്ന് വ്യാഴാഴ്ച രാജ്യസഭയെ അറിയിച്ചു. സുപ്രീം കോടതി മുൻപാകെ ഇപ്പോഴും തർക്കത്തിൽ തുടരുന്ന വിഷയത്തിലാണ് മന്ത്രിയുടെ വിശദീകരണം.


കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലാറ്ററൽ എൻട്രി വഴി കേന്ദ്ര സർക്കാരിൽ ഉദ്യോഗസ്ഥരുടെ നിയമനത്തിന്റെ വിശദാംശങ്ങൾ തേടുന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി, ഈ നിയമനത്തിൽ സംവരണ രീതി പാലിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകിയില്ല.


സംവരണ വ്യവസ്ഥ തന്നെ അട്ടിമറിക്കുന്നതായി പ്രതിഷേധം ഉയർന്നതോടെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) വഴി സർക്കാർ വകുപ്പുകളിലെ പ്രധാന തസ്തികകൾ ലാറ്ററൽ എൻട്രി നിയമനം നടത്താനുള്ള സർക്കാർ നീക്കം പാളിയിരുന്നു.


ഈ നിയമനങ്ങളിൽ ഓരോന്നും ഒറ്റ പോസ്റ്റ് കേഡറിനെതിരെയാണ് നടത്തിയിരിക്കുന്നത്. "PGIMER, ചണ്ഡീഗഡ് Vs. ഫാക്കൽറ്റി അസോസിയേഷൻ കേസിലെ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി കണക്കിലെടുത്ത് സംവരണം ബാധകമല്ല എന്ന വാദമാണ് മന്ത്രി ഉന്നയിച്ചത്. അതനുസരിച്ച് നിയമിതരായ ഉദ്യോഗസ്ഥരുടെ സംവരണ കാറ്റഗറി തിരിച്ചുള്ള ഡാറ്റ സൂക്ഷിച്ചിട്ടില്ല എന്നും ന്യായീകരിച്ചു.


2018 മുതൽ മൂന്ന് സൈക്കിളുകളിലായി (2018, 2021, 2023) ലാറ്ററൽ എൻട്രി വഴി വിവിധ സർക്കാർ വകുപ്പുകളിലേക്ക് കരാർ/ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ജോയിന്റ് സെക്രട്ടറി/ഡയറക്ടർ/ഡപ്യൂട്ടി സെക്രട്ടറി തലത്തിൽ 63 നിയമനങ്ങൾ നടത്തിയിട്ടുണ്ട്. തുടക്കത്തിൽ മൂന്ന് വർഷത്തേക്ക് വിദഗ്ധരെ നിയമിക്കുന്നു, പിന്നീട് അഞ്ച് വർഷത്തേക്ക് നീട്ടാം.


നിലവിൽ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി 43 ഉദ്യോഗസ്ഥരാണ് ഇങ്ങനെ ജോലി ചെയ്യുന്നത്. ഇത്തരം നിയമനങ്ങളിൽ ബിജെപി രാഷ്ട്രീയത്തിനൊപ്പം നിന്ന് പ്രവർത്തിച്ച് പെൻഷൻ പറ്റിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതായിരുന്നു സമീപനം. സംവരണ തത്വങ്ങളും കാറ്റിൽ പറത്തി എന്നും ആക്ഷേപവും പ്രതിഷേധവും ഉയർന്നു.


2024 ആഗസ്തിൽ നടത്തിയ നിയമന നീക്കത്തിൽ പത്ത് ജോയിന്റ് സെക്രട്ടറിമാര്‍, 35 ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാര്‍ എന്നിവരെ നിയമിക്കാനായിരുന്നു കേന്ദ്രം ലക്ഷ്യം വെച്ചത്. അപേക്ഷകരിൽ പലരും സർവ്വീസിൽ നിന്ന് പിരിഞ്ഞ് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവരുമായിരുന്നു. കേന്ദ്ര സർവ്വീസിലേക്ക് സ്വകാര്യമ മേഖലയിൽ നിന്നും വിദഗ്ദ്ധരെ കൊണ്ടുവരാൻ എന്നായിരുന്നു വിശദീകരണം.


ഒന്നര ലക്ഷം മുതല്‍ 2.7 വരേയാണ് ശമ്പളം. ആഭ്യന്തരം, ധനകാര്യം, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ ടി സ്റ്റീല്‍ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ ക്ഷണിച്ചിരുന്നത്. ആഭ്യന്തരം, വിദ്യാഭ്യാസം, ഐ ടി, കോര്‍പ്പറേറ്റ് അഫയേഴ്‌സ്, വിദേശകാര്യം, സ്റ്റീല്‍, ധനകാര്യം തുടങ്ങിയ വകുപ്പുകളിലേക്കായിരുന്നു 35 ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി നിയമനം. എൻഡിഎയുടെ ഭാഗമായ ചിരാഗ് പസ്വാൻ ഉൾപ്പെടെ ഇതിനെതിരെ രംഗത്ത് എത്തി.


വർഷങ്ങളായി തുടങ്ങിയ ശ്രമം


2017-ൽ നീതി ആയോഗ് അതിന്റെ മൂന്ന് വർഷത്തെ പ്രവർത്തന അജണ്ടയിലും ഭരണത്തെക്കുറിച്ചുള്ള സെക്ടറൽ ഗ്രൂപ്പ് ഓഫ് സെക്രട്ടറിമാരുടെ (എസ്‌ജി‌ഒ‌എസ്) ഫെബ്രുവരിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ലാറ്ററൽ എൻട്രി നിർദ്ദേശം മുന്നോട്ട് വെച്ചിരുന്നു.

കേന്ദ്ര സർക്കാരിന്റെ ബ്യൂറോക്രസിയിലെ മധ്യ, മുതിർന്ന മാനേജ്‌മെന്റ് സ്ഥാനങ്ങളിലേക്ക് അഖിലേന്ത്യാ സർവീസുകൾക്ക് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരെ നിയമിക്കാൻ ശുപാർശ ചെയ്തു. ഈ ആളുകൾ ഡൊമെയ്ൻ വിദഗ്ധരായിരിക്കും, നിർണായക വിടവുകൾ നികത്താൻ സഹായിക്കും. അവർ സ്വകാര്യ കമ്പനികളിൽ നിന്നും, പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും, സംസ്ഥാന സർക്കാരുകളിൽ നിന്നുമുള്ളവരാകാം. ഇങ്ങനെയായിരുന്നു നിർദ്ദേശം. എന്നാൽ സംവരണ തത്വത്തെ കുറിച്ച് കേന്ദ്ര സർക്കാർ നിലപാട് എടുത്തില്ല.



deshabhimani section

Related News

View More
0 comments
Sort by

Home