'ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കേണ്ടി വരും': ഹിന്ദി വാദവുമായി വീണ്ടും അമിത് ഷാ

ന്യൂഡൽഹി: ത്രിഭാഷാ നയം അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധങ്ങൾ തുടരവെ വീണ്ടും ഹിന്ദി വാദവുമായി കേന്ദ്രം. ഇംഗ്ലീഷ് സംസാരിക്കുന്നവർ സമീപ ഭാവിയിൽ ലജ്ജിക്കേണ്ടി വരുമെന്ന വിചിത്ര പരാമര്‍ശമുയര്‍ത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. മാതൃഭാഷകൾ രാജ്യത്തിന്റെ സ്വത്വത്തിന്റെ കേന്ദ്രമാണ്. അത് രാജ്യത്തിന്റെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണ്. വിദേശ ഭാഷകളെക്കാൾ മാതൃഭാഷയ്ക്ക് മുൻഗണന നൽകണമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.
മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അശുതോഷ് അഗ്നിഹോത്രി രചിച്ച 'മെയിൻ ബൂന്ദ് സ്വയം' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കവേയാണ് അമിത്ഷായുടെ പ്രതികരണം. ഇന്ത്യ കൊളോണിയൽ സ്വാധീനത്തിന്റെ അവശിഷ്ടങ്ങൾ ഉപേക്ഷിച്ച് അഭിമാനത്തോടെ സ്വന്തം ഭാഷകളെ സ്വീകരിക്കണമെന്ന് അമിത്ഷാ പറഞ്ഞു. വിദേശ ഭാഷകൾക്ക് ഇന്ത്യൻ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും സത്ത ഉൾക്കൊള്ളാൻ കഴിയില്ല. ഇന്ത്യയിൽ ഒരു ഭാഷാ പരിഷ്കരണം അനിവാര്യമാണെന്നും അമിത് ഷാ അവകാശപ്പെട്ടു.
രാജ്യത്ത് ഹിന്ദിഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശക്തമായ നീക്കം നടത്തി വരികയാണ് കേന്ദ്ര സർക്കാർ . ഈ സാഹചര്യത്തിലാണ് ഇംഗ്ലീഷ് ഇന്ത്യൻ സംസ്കാരം ഉൾക്കൊള്ളുന്ന ഭാഷയല്ലെന്നും ഒരു മാറ്റം അനിവാര്യമാണെന്നുമുള്ള വാദം കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ ഉയർത്തുന്നത്. എന്നാൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധങ്ങൾ തുടരുകയാണ്.









0 comments