കുപ്വാരയിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ സൈന്യം വധിച്ചു

പ്രതീകാത്മക ചിത്രം
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ തിരച്ചിലിലാണ് സൈനികർ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയത്. ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തതോടെ ഏറ്റുമുട്ടലുണ്ടായി. പ്രതിരോധത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി സൈന്യത്തിന്റെ ചിനാർ കോപ്സ് എക്സിൽ കുറിച്ചു.
വെള്ളിയാഴ്ച കുപ്വാരയിലെ കേരൻ സെക്ടറിൽ സുരക്ഷാ ഏജൻസികൾ സംയുക്ത തിരച്ചിൽ ആരംഭിച്ചിരുന്നു. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടാകുമെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ഓക്ടോബർ 14ന് കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപം സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധിക്കണമെന്ന് സൈന്യത്തിന് മേലധികാരികൾ കർശന നിർദേശം നൽകി.
740 കിലോമീറ്റർ നീളമുള്ള നിയന്ത്രണ രേഖയാണ് ജമ്മു കശ്മീരിന്റേത്. അതേസമയം അന്താരാഷ്ട്ര അതിർത്തിക്ക് 240 കിലോമീറ്റർ നീളമുണ്ട്. ബരാമുള്ള, കുപ്വാര, ബന്ദിപ്പോര എന്നിവിടങ്ങളിലും ജമ്മു ജില്ലയുടെ ചില ഭാഗങ്ങളിലുമാണ് നിയന്ത്രണ രേഖ സ്ഥിതിചെയ്യുന്നത്. ജമ്മു ഡിവിഷനിലെ ജമ്മു, സാംബ, കത്വ ജില്ലകളിലാണ് അന്താരാഷ്ട്ര അതിർത്തി.









0 comments