പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും മറുപടിയില്ല , മറ്റ് സംസ്ഥാനങ്ങളിലും വോട്ടർപ്പട്ടികയുടെ തീവ്രപുനഃപരിശോധന
വോട്ടുകൊള്ളയിൽ അന്വേഷണമില്ല ; ബിജെപിയുടെ സ്വരത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ


എം അഖിൽ
Published on Aug 18, 2025, 03:00 AM | 2 min read
ന്യൂഡൽഹി
ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ട ‘വോട്ടുകൊള്ള’ ആരോപണത്തിൽ ഒരന്വേഷണത്തിനും തയ്യാറല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്നും അന്വേഷണം ആവശ്യമില്ലെന്നുമുള്ള ബിജെപി നേതാക്കളുടെ അതേ നിലപാട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ഞായറാഴ്‌ച വാർത്താസമ്മേളനത്തിൽ ആവര്‍ത്തിച്ചു. ബിജെപിക്ക് അനുകൂലമായി തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നുവെന്ന അതീവഗുരുതരമായ ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ബിഹാർ വോട്ടപ്പട്ടിക തീവ്ര പുനഃപരിശോധനയിലെ കൂട്ടപുറന്തള്ളൽ, മഹാരാഷ്‌ട്ര, കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ ക്രമക്കേടുകൾ തുടങ്ങി ഗുരുതരമായ വിഷയങ്ങളിലും കമീഷൻ പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ബിജെപി നേതാക്കളുടെ ശൈലിയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്.
കമീഷന് എതിരായ ആരോപണം ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്തിനെന്ന് നാട്ടുകാർക്കറിയാം. ആരോപണങ്ങൾ ഉന്നയിച്ചവർ ഏഴ് ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കണം. അതല്ലെങ്കിൽ, രാജ്യത്തോട് മാപ്പ് പറയണം. സത്യവാങ്മൂലം നൽകിയില്ലെങ്കിൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കണക്കാക്കും. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഉയരുന്ന ആരോപണങ്ങൾക്ക് ഒരടിസ്ഥാനവുമില്ല.
തെരഞ്ഞെടുപ്പ് ഫലങ്ങളിൽ പരാതികളുള്ളവർക്ക് 45 ദിവസത്തിനകം നിയമപരമായി ചോദ്യംചെയ്യാൻ അവസരമുണ്ട്. കാലയളവ് കഴിഞ്ഞ് പരാതികൾ ഉന്നയിക്കുന്നതിൽ അർഥമില്ല. കംപ്യൂട്ടറിന് പരിശോധിക്കാവുന്ന വോട്ടർപട്ടിക കൈമാറാനാകില്ല. വോട്ട് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിടില്ല. ഇരട്ടവോട്ട് ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകളില്ല. വീട്ടുനമ്പർ ‘പൂജ്യം’ നൽകിയത് വീടില്ലാതെ തെരുവിൽ കഴിയുന്നവരെ ഉൾപ്പെടുത്താനാണ്.
വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധന വ്യാപകമാക്കും. തോക്കുചൂണ്ടി സമ്മർദത്തിലാക്കാമെന്ന് കരുതേണ്ട. ഇന്ത്യക്കാരല്ലാത്തവർക്ക് വോട്ടുചെയ്യാനാവില്ല. അത്തരം ആളുകൾ എന്യുമറേഷൻ ഫോമുകൾ നൽകിയിട്ടുണ്ടെങ്കിൽ അവർക്ക് രേഖാമൂലം ദേശീയത തെളിയിക്കേണ്ടി വരും. അന്വേഷണത്തിനുശേഷം അത്തരക്കാരുടെ പേരുകൾ വോട്ടർപട്ടികകളിൽനിന്ന് നീക്കും –അദ്ദേഹം പറഞ്ഞു.
ബിജെപി വാദം ആവർത്തിച്ച് ഗ്യാനേഷ് കുമാർ
അധികാരത്തിൽ എത്താനും അധികാരത്തിൽ തുടരാനും ബിജെപിക്ക് ഒത്താശ നിൽക്കുന്നുവെന്ന ഗുരുതരമായ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമീഷന് വാർത്താസമ്മേളനത്തിലും മറുപടിയില്ല. ബിജെപിയുടെ വാദങ്ങൾ ആവർത്തിക്കുക മാത്രമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ചെയ്‌തത്. ധാർഷ്ട്യം കലർന്ന ശരീരഭാഷയും പ്രതികരണങ്ങളുാമണ് അദ്ദേഹത്തിൽനിന്നുണ്ടായത്. പ്രതിപക്ഷത്തിന്റെ ഒരോ ആരോപണങ്ങൾക്കും തൃപ്‌തികരമായ മറുപടി നൽകേണ്ട ഭരണഘടനാപരമായ ബാധ്യത അദ്ദേഹം നിറവേറ്റിയില്ല. പകരം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയെയും പ്രതിപക്ഷത്തെയും കടന്നാക്രമിക്കാനും പരിഹസിക്കാനുമാണ് ഭൂരിഭാഗം സമയവും വിനിയോഗിച്ചത്.
സിസിടിവി ദൃശ്യങ്ങൾ കൈമാറുന്നതുമായി ബന്ധപ്പെട്ട മറുപടിയിൽ ‘അമ്മമാരും പെങ്ങൻമാരും വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ കൈമാറണമെന്നാണോ നിങ്ങൾ പറയുന്നത്?’– എന്ന ബാലിശമായ മറുപടിയും ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായി. മറ്റ് സംസ്ഥാനങ്ങളിൽ എപ്പോൾ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) നടപ്പാക്കണമെന്ന് തങ്ങൾ കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ധാർഷ്ട്യത്തോടെ മറുപടി പറയുന്ന സ്ഥിതിയുമുണ്ടായി. ബിഹാറിൽ എസ്‌ഐആറിന്റെ പേരിലുള്ള ജനാധിപത്യവിരുദ്ധമായ നടപടികൾക്ക് എതിരെ രാജ്യവ്യാപക പ്രക്ഷാേഭങ്ങൾ നടക്കുന്നുണ്ട്. എസ്‌ഐആറിന് എതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുമുണ്ട്. ഇൗ സാഹചര്യത്തിലാണ്, മറ്റ് സംസ്ഥാനങ്ങളിലേക്കും തോന്നുംപോലെ ‘എസ്‌ഐആർ’ വ്യാപിപ്പിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ പ്രഖ്യാപിച്ചത്.









0 comments