ഓൺലൈൻ വാതുവെപ്പ് കേസ്: ക്രിക്കറ്റ് താരങ്ങളുടെയും അഭിനേതാക്കളുടെയും സ്വത്ത് കണ്ടുകെട്ടാൻ ഇഡി

ന്യൂഡൽഹി : ഓൺലൈൻ വാതുവെപ്പ്, ഗെയിമിംഗ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം ചില കായികതാരങ്ങളുടെയും അഭിനേതാക്കളുടെയും സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടുമെന്നാണ് കരുതുന്നത്.
'1xBet' എന്ന ഓൺലൈൻ ബെറ്റിങ്ങ് ആപ്പുമായി ബന്ധപ്പെട്ട കേസിൽ നടത്തിയ അന്വേഷണത്തിൽ ഈ സെലിബ്രിറ്റികളിൽ ചിലർ അവർക്ക് നൽകിയ എൻഡോഴ്‌സ്‌മെന്റ് ഫീസ് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം കേസെടുക്കാവുന്ന വിവിധ സ്വത്തുക്കൾ സമ്പാദിച്ചതായി കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
വിദേശ രാജ്യങ്ങളിൽ ഉള്ളവ ഉൾപ്പെടെ, ഈ ജംഗമ, സ്ഥാവര സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള ഒരു താൽക്കാലിക അറ്റാച്ച്മെന്റ് ഉത്തരവ് ഫെഡറൽ അന്വേഷണ ഏജൻസി ഉടൻ തന്നെ പുറപ്പെടുവിക്കുമെന്നാണ് വിവരം. ആസ്തികളുടെ മൂല്യനിർണയം നടക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ വഴി ലഭിക്കുന്ന തുകയിൽ നിന്ന് സമ്പാദിച്ച സ്വത്തുക്കൾ കുറ്റകൃത്യത്തിന്റെ പരിധിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
കണ്ടുകെട്ടൽ ഉത്തരവ് പുറപ്പെടുവിച്ച ശേഷം, അത് പിഎംഎൽഎയ്ക്ക് കീഴിലുള്ള അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സ്ഥിരീകരണത്തിനായി അയയ്ക്കുമെന്നും, അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, ഈ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനായി നിയുക്ത കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും ഇ ഡി വ്യക്തമാക്കിയതായി വാർത്താ ഏജൻസികൾ അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, റോബിൻ ഉത്തപ്പ, ശിഖർ ധവാൻ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളെയും കൂടാതെ അഭിനേതാക്കളായ സോനു സൂദ്, മിമി ചക്രവർത്തി, അങ്കുഷ് ഹസ്ര, ഉർവശി റൗട്ടേല, വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി എന്നിവർക്ക് ഇ ഡി നോട്ടീസ് അയച്ചിരുന്നു.
കോടിക്കണക്കിന് രൂപയുടെ തട്ടിപ്പും വൻതോതിൽ നികുതി വെട്ടിപ്പ് നടത്തിയതായും ആരോപിക്കപ്പെടുന്ന നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകൾ ഉൾപ്പെടുന്ന നിരവധി കേസുകളാണ് ഇ ഡി അന്വേഷിക്കുന്നത്. വാതുവെപ്പ് വ്യവസായത്തിൽ 18 വർഷമായി പ്രവർത്തിക്കുന്ന കമ്പനിയാണ് 1xBet. ബ്രാൻഡിന്റെ ഉപഭോക്താക്കൾക്ക് നിരവധി കായിക ഇനങ്ങളിൽ വാതുവെപ്പ് നടത്താം. കമ്പനിയുടെ വെബ്‌സൈറ്റും ആപ്പും 70 ഭാഷകളിൽ ലഭ്യമാണ്.
അടുത്തിടെ പുതിയ നിയമനിർമ്മാണത്തിലൂടെ കേന്ദ്ര സർക്കാർ റിയൽ മണി ഓൺലൈൻ ഗെയിമിംഗ് നിരോധിച്ചിരുന്നു. മാർക്കറ്റ് വിശകലന സ്ഥാപനങ്ങളുടെയും അന്വേഷണ ഏജൻസികളുടെയും കണക്കുകൾ പ്രകാരം, ഇത്തരം വിവിധ ഓൺലൈൻ വാതുവെപ്പ് ആപ്പുകളിലായി ഏകദേശം 22 കോടി ഇന്ത്യൻ ഉപയോക്താക്കളുണ്ട്. അതിൽ പകുതിയും (ഏകദേശം 11 കോടി) സ്ഥിരം ഉപയോക്താക്കളാണ്.









0 comments