കൊണ്ടുവന്ന കോൺഗ്രസിനു തന്നെ വിനയായി ഇ ഡി: അഖിലേഷ് യാദവ്

അഖിലേഷ് യാദവ് photo credit: pti
ഭുവനേശ്വർ: സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ മറ്റ് ഏജൻസികൾ ഉള്ളതിനാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പിരിച്ചുവിടണമെന്ന് സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഭുവനേശ്വർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ അവരാണ് ഇ ഡി സൃഷ്ടിച്ചതെന്നും ഇപ്പോൾ ഈ ഏജൻസി കാരണം കോൺഗ്രസ് പ്രശ്‌നങ്ങൾ നേരിടുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.
"നാഷണൽ ഹെറാൾഡിനെക്കുറിച്ചല്ല, ഇഡിയെക്കുറിച്ചാണ് ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നത്. കോൺഗ്രസ് ഇ ഡിയെ സൃഷ്ടിച്ചു, ഇപ്പോൾ അതേ ഇ ഡി കാരണം അവർ കുഴപ്പത്തിലാണ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ആദായനികുതി വകുപ്പ് പോലുള്ള നിരവധി സ്ഥാപനങ്ങളുണ്ട്. അതിനാൽ, ഒരു ഇ ഡിയുടെ ആവശ്യമില്ല. അത് പിരിച്ചുവിടണം," അദ്ദേഹം പറഞ്ഞു.
ബിജെപി മുന്നോട്ടുവെയ്ക്കുന്ന ഇരട്ട എഞ്ചിൻ സർക്കാരിന്റെ രണ്ട് എഞ്ചിനുകളും വ്യത്യസ്ത നിരകളിലായാണ് ഉത്തർപ്രദേശിൽ സഞ്ചരിക്കുന്നതെന്നും ഇതാണ് ബിജെപിയുടെ 'ഇരട്ട എഞ്ചിൻ' ഭരണ മാതൃക. ഉത്തർപ്രദേശിലെയും കേന്ദ്രത്തിലെയും ബിജെപി സർക്കാരുകൾ വാഗ്ദാനങ്ങൾ പാലിക്കുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പഴയ പദ്ധതികൾ പുതിയ പേരുകളിൽ അവതരിപ്പിക്കുകയാണ്. "അവർ സ്വയം പൂജ്യമാകുന്നതിന് മുമ്പ്, അവർക്ക് ചുറ്റുമുള്ളതെല്ലാം പൂജ്യമായി മാറുകയാണ് "അവരുടെ 'സീറോ ടോളറൻസ്' പൂജ്യമായി മാറിയതുപോലെ, 'സീറോ ദാരിദ്ര്യം' എന്ന മുദ്രാവാക്യവും ബിജെപിയുടെ നുണയായി മാറും. ദാരിദ്ര്യത്തെ ഇല്ലാതാക്കുന്നത് വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ്. പ്രവൃത്തിയുടെ കാര്യത്തിൽ ബിജെപി സർക്കാർ പൂജ്യത്തിലാണ്" അഖിഷേ് യാദവ് വ്യക്തമാക്കി.
അംബേദ്കർ ഗ്രാമം, ലോഹ്യ ഗ്രാമം തുടങ്ങിയ പഴയ പദ്ധതികളുടെ പേര് മാറ്റി പുതിയ പദ്ധതിയാണെന്ന് തെറ്റുധരിപ്പിച്ചുകൊണ്ട് വഞ്ചനയുടെപാരമ്പര്യം തുടരുകയാണ് ബിജെപി. പുതിയ വാഗ്ദാനങ്ങൾ നൽകുന്നതിനുമുമ്പ്, അവർ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യണം, ഗ്രാമങ്ങൾ സന്ദർശിച്ച് അവരുടെ ദുരവസ്ഥ നേരിട്ട് കാണണം, എല്ലാവർക്കും വീട്, എല്ലാ വീട്ടിലും വെള്ളം എന്നീ വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ പോയതിന് കാരണം വ്യക്തമാക്കണം. കുറഞ്ഞപക്ഷം ദരിദ്രരോട് കള്ളം പറയുന്നത് നിർത്താനെങ്കിലും ബിജെപി പഠിക്കണം അഖിലേഷ് യാദവ് പറഞ്ഞു.









0 comments