വധ്രയെ രണ്ടാംദിനവും ചോദ്യംചെയ്‌തു
സോണിയക്കും രാഹുലിനും എതിരായ ഇഡി കുറ്റപത്രം ; 5000 കോടി ആസ്‌തിയുണ്ടാക്കിയെന്ന്


എം അഖിൽ
Published on Apr 17, 2025, 03:13 AM | 2 min read
ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇഡി) കുറ്റപത്രത്തിൽ ഗുരുതര ആരോപണങ്ങൾ. കോൺഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ) കമ്പനിയുടെ 2000 കോടി രൂപ മൂല്യമുള്ള ആസ്‌തികളുടെ ഗുണഭോക്താക്കളാകാൻ ഇരുവരും ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് പ്രധാന ആരോപണം. എജെഎല്ലിന്റെ 99 ശതമാനം ഓഹരികൾ വെറും 50 ലക്ഷം രൂപയ്‌ക്കാണ് സോണിയയും രാഹുലും മുഖ്യ ഓഹരിയുടമകളായ ‘യങ്ങ് ഇന്ത്യൻ ലിമിറ്റഡ് ’ (വൈഐഎൽ) കമ്പനിക്ക് കൈമാറിയത്.
എജെഎൽ ആസ്‌തികൾക്ക് നിലവിൽ 5000 കോടിയോളമാണ് മൂല്യമെന്നും ഇഡി കുറ്റപത്രത്തിൽ പറയുന്നു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട 988 കോടിയുടെ ആസ്‌തികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവകാശപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം ഏഴ് വർഷം വരെ തടവ് ശിക്ഷ നൽകാവുന്നതാണെന്ന് സോണിയയും രാഹുലും ഒന്നും രണ്ടും പ്രതികളായ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി.
സാമ്പത്തികപ്രതിസന്ധിയിലായ എജെഎല്ലിനെ കരകയറ്റാൻ എഐസിസി നൽകിയ 90 കോടി വായ്‌പയെ 9.02 കോടി ഇക്വിറ്റി ഷെയറുകളാക്കി മാറ്റി അതുമുഴുവൻ പ്രതികൾ വൈഐഎല്ലിലേക്ക് മാറ്റി. സോണിയയ്‌ക്കും രാഹുലിനും 38 ശതമാനം വീതം ഓഹരികളുള്ള വൈഐഎൽ കമ്പനിയെ ‘ലാഭോദ്ദേശമില്ലാതെ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടന’ യെന്ന പേരിലാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. എന്നാൽ, ഈ കമ്പനി നാളിതുവരെ ഒരുരീതിയിലുമുള്ള ജീവകാരുണ്യപ്രവർത്തനങ്ങളും നടത്തിയിട്ടില്ല.
കോൺഗ്രസ് നേതാക്കളായ മോത്തിലാൽ വോറയ്‌ക്കും ഓസ്‌കർ ഫെർണാണ്ടസിനും കമ്പനിയിൽ ഓഹരികളുണ്ടായിരുന്നു. ഇരുവരും അന്തരിച്ചതിനാൽ നിയമനടപടികൾ അവസാനിപ്പിച്ചു. ഫലത്തിൽ, 5000 കോടിയുടെ ആസ്‌തികളുടെ ഗുണഭോക്താക്കൾ സോണിയയും രാഹുലും മാത്രമാണ്. എജെഎല്ലിന്റെയും വൈഐഎല്ലിന്റെയും ആസ്‌തികളുടെ പേരിൽ വേറെയും ക്രമക്കേടുകളുണ്ടെന്നും ആരോപിച്ചിട്ടുണ്ട്.
വ്യാജസംഭാവനകളുടെ പേരിൽ 18 കോടി, മുൻകൂർ വാടകചീട്ടുകളുടെ പേരിൽ 38 കോടി, ഇല്ലാത്ത പരസ്യങ്ങളിലൂടെ പേരിൽ 29 കോടിയും സമാഹരിച്ചെന്നാണ് ആരോപണം. സോണിയയ്‌ക്കും രാഹുലിനും പുറമേ സാംപിത്രോദ, സുമൻദുബേ, സുനിൽ ഭണ്ഡാരി എന്നിവരെയും യങ്ങ് ഇന്ത്യൻ ലിമിറ്റഡ്, ഡോടെക്‌സ് മെർച്ചന്റൈസ് കമ്പനികളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 25ന് ഇഡി കുറ്റപത്രം റൗസ്‌അവന്യുവിലെ പ്രത്യേക കോടതി വീണ്ടും പരിഗണിക്കും.
വധ്രയെ രണ്ടാംദിനവും ചോദ്യംചെയ്‌തു
ഹരിയാന ഗുഡ്‌ഗാവിലെ ഭൂമി ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധ്രയെ തുടർച്ചയായ രണ്ടാം ദിവസവും മണിക്കൂറുകൾ ചോദ്യംചെയ്‌തു. വ്യാഴാഴ്‌ചയും ഹാജരാകാൻ ആവശ്യപ്പെട്ടു. നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഒന്നും രണ്ടും പ്രതികളായി കുറ്റപത്രം സമർപ്പിച്ചതിനൊപ്പമാണ് ഭൂമി ഇടപാട് കേസിൽ വധ്രയെ ഇഡി തുടർച്ചയായി ചോദ്യംചെയ്യുന്നത്.
ബുധൻ രാവിലെ പ്രിയങ്കയ്‌ക്കൊപ്പമാണ് വധ്ര ഇഡി ഓഫീസിലെത്തിയത്. ആദ്യഘട്ട ചോദ്യംചെയ്യലിനുശേഷം ഉച്ചഭക്ഷണത്തിനായി വധ്രയ്‌ക്ക് ഇടവേള നൽകി. രണ്ടാംഘട്ടത്തിലും ചോദ്യംചെയ്യൽ മണിക്കൂറുകൾ നീണ്ടു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഏതുതരത്തിലുള്ള ചോദ്യംചെയ്യലിനും വിധേയനാകാൻ ഒരുക്കമാണെന്നും വധ്ര മാധ്യമങ്ങളോട് പറഞ്ഞു. 20 വർഷം പഴക്കമുള്ള കേസാണിത്. 2019ൽ 23000 രേഖകൾ സമർപ്പിച്ചിരുന്നു.കേന്ദ്രസർക്കാർ ഏജൻസികളെ ദുരുപയോഗിക്കുകയാണ്– വധ്ര പറഞ്ഞു.
പ്രതിഷേധിച്ച് കോൺഗ്രസ്
സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും നാഷണൽ ഹെറാൾഡ് കേസിൽ പ്രതികളാക്കിയതിന് എതിരെ രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധം. പലയിടത്തും സംഘർഷങ്ങളുണ്ടായി. നേതാക്കളെയും പ്രവർത്തകരെയും അറസ്‌റ്റ് ചെയ്‌തുനീക്കി. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തുനിന്നും തുടങ്ങിയ മാർച്ച് ബാരിക്കേഡുകൾ നിരത്തി പൊലീസ് തടഞ്ഞു.
പൊലീസ് മർദ്ദിച്ചതായി പ്രവർത്തകർ ആരോപിച്ചു. മഹാരാഷ്ട്ര, പശ്‌ചിമബംഗാൾ, തെലങ്കാന, കർണാടകം, അസം, ബിഹാർ തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധം അരങ്ങേറി.









0 comments