ഓപ്പറേഷൻ സിന്ദൂർ : 36 സെെനികർക്ക് മെഡൽ , സേനാ മെഡലുകൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

ന്യൂഡൽഹി
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നാല് കീർത്തിചക്രയടക്കം സെൈനികർക്കുള്ള 127 ധീരതാ അവാർഡുകളും നാൽപ്പത് വിശിഷ്ട സേവനത്തിനുള്ള അവാർഡുകളും 290 പ്രത്യേക പരാമർശ അവാർഡുകളും രാഷ്ട്രപതി ദ്രൗപദി മുർമു പ്രഖ്യാപിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത 36 വ്യോമസേനാ ഭടൻമാർക്ക് പുരസ്കാരമുണ്ട്.
ഒരാൾക്ക് ശൗര്യചക്രവും ഒമ്പത് പേർക്ക് വീരചക്രവും 26 പേർക്ക് വായുസേനാ മെഡലുകളുമാണ് ലഭിച്ചത്. ഓപ്പറേഷൻ സിന്ദൂര്‍ സമയത്ത് കരസേന ഡയറക്ടര്‍ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ആയിരുന്ന ലെഫ്.ജനറൽ രാജീവ് ഘായിക്ക് സര്‍വോത്തം യുദ്ധ സേവാ മെഡൽ ലഭിച്ചു. ക്യാപ്റ്റൻ ലാൽറിനാവ്‌മോ സെയ്‌ലോ, ലെഫ്‌റ്റനന്റ് ശശാങ്ക് തിവാരി, ലാൻസ്‌നായിക്ക് മീനാക്ഷി സുന്ദരം, ശിപായ് ജെ പ്രവീൺ പ്രഭാകർ എന്നിവർക്കാണ് കീർത്തിചക്ര.
കമാൻഡർ വിവേക് കുര്യാക്കോസ് നാവികസേനാ മെഡലിന് അർഹനായി. ബ്രിഗേഡിയർ രാകേഷ് നായർ, വൈസ്‌അഡ്‌മിറൽ എ എൻ പ്രമോദ് എന്നിവർക്ക് യുദ്ധസേവാ മെഡലുണ്ട്. ഓപ്പറേഷൻ സിന്ദൂര്‍ വാര്‍ത്താസമ്മേളനത്തിൽ നാവികസേനാ നടപടികള്‍ വിശദീകരിച്ചത് എ എൻ പ്രമോദ് ആണ്. സ്‍ക്വാഡ്രൺ ലീഡര്‍ മലപതി എൻ വി നവീൻകുമാറിന് ധീരതയ്ക്കുള്ള വ്യോമസേന മെഡൽ ലഭിച്ചു.
ലെഫ്. കേണൽ തുഷാർ മേനോൻ, മേജർ വി എസ് അഭിജിത്ത്, ക്യാപ്‌റ്റൻ ബി ശ്രീവിജയ് നായർ, കമാണ്ടർ ഹരീഷ് നാരായണൻകുട്ടി, ലെഫ്. കമാണ്ടർ എസ് എം ശ്രീകാന്ത്, ഗ്രൂപ്പ് ക്യാപ്‌റ്റൻ എസ് പരമേശ്വരൻ, ഗ്രൂപ്പ് ക്യാപ്‌റ്റൻ പി സജിനി, സ്‌ക്വാഡ്രൺ ലീഡർ കാർത്തിക് മേനോൻ, സാർജന്റ് പി ആർ രഞ്‌ജു, ഗ്രൂപ്പ് ക്യാപ്‌റ്റൻ ജിജോ ജോസ് ഒവെലിൽ എന്നിവർക്ക് പ്രത്യേക പരാമർശമുണ്ട്.









0 comments