ബാങ്ക് സ്വകാര്യവൽക്കരണത്തിൽ നിന്നും സർക്കാർ പിന്മാറുക: ഡോ. വി ശിവദാസൻ

v sivadasan.png
വെബ് ഡെസ്ക്

Published on Aug 19, 2025, 09:14 PM | 1 min read

ന്യൂഡൽഹി: റീജിയണൽ റൂറൽ ബാങ്കുകളെ സ്വകാര്യവൽക്കരിക്കുന്നതിനുള്ള നീക്കത്തിൽ നിന്നും യൂണിയൻ സർക്കാർ പിൻവാങ്ങണമെന്ന് ഡോ. വി ശിവദാസൻ ആവശ്യപ്പെട്ടു. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ സാമ്പത്തിക ഇടപാടുകൾക്കുള്ള പ്രധാന ആശ്രയകേന്ദ്രമാണ് ഗ്രാമീൺ ബാങ്കുകൾ. അവയുടെ ഓഹരി വിൽപ്പന നടത്തി കേവലം ലാഭേച്ഛയോടെ മാത്രമുള്ള പ്രവർത്തനത്തിലേക്ക് ഗ്രാമീൺ ബാങ്കുകൾ മാറുന്നത് ഇന്ത്യയിലെ ജനങ്ങളുടെ ദുരിതങ്ങൾ വർദ്ധിപ്പിക്കാൻ മാത്രമാണ് കാരണമാകുകയെന്നും അദ്ദേഹം പറഞ്ഞു.


കൊള്ളപലിശ പണം വായ്പ കൊടുക്കുന്ന വട്ടിപലിശ മാഫിയുടെ കൈകളിലുള്ള ധനകാര്യസ്ഥാപനങ്ങൾ കൂണുപോലെ മുളച്ചുപൊന്താൻ മാത്രമാണിത് സഹായിക്കുക. ഇന്ത്യയിലെ ഇരുപത്തിരണ്ടായിരത്തിലധികം വരുന്ന ഗ്രാമീണ ബാങ്കുകളിൽ നിലവിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നില്ല. ബാങ്കുകളിലെ തൊഴിലുകൾ പുറംകരാർ കൊടുത്തും ദിവസവേതനത്തിന് നിയമനം നടത്തിയും യാതൊരാനുകൂല്യവും നൽകാതെ കൊടിയചൂഷണമാണ് നടക്കുന്നത്.

ആദിവാസികളും-ദലിതരും ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾക്ക് ലഭിക്കേണ്ടുന്ന സംവരണാനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെടുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളിൽ ഇന്ത്യയെ സംരക്ഷിച്ചുനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ചവയാണ് ഇന്ത്യയിലെ പൊതുമേഖല ബാങ്കുകൾ. അവയെ സംരക്ഷിക്കാനായി ബാങ്ക് ജീവനക്കാർ നടത്തുന്ന സമരം കേവലം ജീവനക്കാർക്കുവേണ്ടി മാത്രമുള്ളതല്ല. രാജ്യത്തെ ജനങ്ങളെയാകെയും സംരക്ഷിക്കാനായുള്ള സമരമാണ്. സമരം ചെയ്യുന്ന ജനങ്ങളുടെ മുദ്രാവാക്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കണമെന്നും തെറ്റായ നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും വി ശിവദാസൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home