നിമിഷ പ്രിയയുടെ വധശിക്ഷ തടയാൻ കേന്ദ്രം അടിയന്തരമായി ഇടപെടണം: ജോൺ ബ്രിട്ടാസ്

John Brittas
വെബ് ഡെസ്ക്

Published on Jul 09, 2025, 02:49 PM | 1 min read

ന്യൂഡൽഹി: യമൻ പൗരൻ തലാൽ അബു മഹ്‌ദി കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട്‌ യമനിലെ ജയിലിൽ കഴിയുന്ന പാലക്കാട്‌ സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ തടയാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കേന്ദ്രത്തിന്റെ സമയബന്ധിത ഇടപെടൽ അനിവാര്യമാണെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.


ജൂലൈ 16ന്‌ വധശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച്‌ പബ്ലിക്‌ പ്രോസിക്യൂട്ടർ ഒപ്പുവച്ച ഉത്തരവ്‌ ജയിൽ അധികൃതർക്ക്‌ കൈമാറി. 2017 മുതൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനുള്ള ദിയാധനമായി 8.57 കോടി രൂപയാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആവശ്യപ്പെട്ടത്‌. മോചനശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. വധശിക്ഷയ്ക്കുള്ള ഉത്തരവ് ജയിലിൽ എത്തിയതായും സൗദിയിലെ ഇന്ത്യൻ എംബസിക്ക് കൈമാറിയതായും യമനിലെ മനുഷ്യാവകാശപ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു. ഏക പോംവഴിയായി തലാലിന്റെ കുടുംബത്തെ ബുധനാഴ്‌ച കാണും. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി, സാമുവലിനൊപ്പം യമനിലുണ്ട്‌. ഒരുതവണ മകളെ ജയിലിൽ സന്ദർശിച്ചിരുന്നു.


പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിയാണ് നിമിഷപ്രിയ. തൊടുപുഴ സ്വദേശി ടോമിയെ വിവാഹം കഴിച്ച് 2012ലാണ് യമനിൽ നഴ്സായി പോയത്. ഭർത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യമൻ പൗരനായ തലാൽ അബു മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേർന്ന് ക്ലിനിക് തുടങ്ങാനും തീരുമാനിച്ചു. നിമിഷയും ഭർത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം തലാലിന്‌ കൈമാറി. ക്ലിനിക് തുടങ്ങിയശേഷം, നിമിഷ ഭാര്യയാണെന്നു കാണിച്ച്‌ തലാൽ വ്യാജ വിവാഹസർട്ടിഫിക്കറ്റ് ഉണ്ടാക്കി. ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹവും കഴിച്ചു. ക്ലിനിക്കിലെ വരുമാനം മുഴുവൻ തലാൽ സ്വന്തമാക്കി. പാസ്പോർട്ട് തട്ടിയെടുത്തു. സ്വർണമെടുത്ത് വിറ്റു. അധികൃതർക്ക് പരാതി നൽകിയ നിമിഷപ്രിയയെ തലാൽ ഉപദ്രവിക്കാൻ തുടങ്ങിയതോടെയാണ്‌ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയ പറഞ്ഞത്.





deshabhimani section

Related News

View More
0 comments
Sort by

Home