പ്രൊഫ. മഹ്മൂദാബാദിന്റെ അറസ്റ്റ് ; എസ്‌ഐടി സ്വയം വിലകളയരുതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി
പാകിസ്ഥാനെ വിമർശിച്ചും യുദ്ധത്തിനായുള്ള ആക്രോശങ്ങളെ എതിർത്തും സമൂഹമാധ്യമത്തിൽ പോസ്‌റ്റിട്ട അശോക സർവകാലാശാല അധ്യാപകൻ പ്രൊഫ. അലി ഖാൻ മഹ്മൂദാബാദിനെ അറസ്റ്റുചെയ്ത കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ നിർത്തിപ്പൊരിച്ച് സുപ്രീംകോടതി. എസ്‌ഐടിയുടെ പോക്ക് തെറ്റായ മാർഗത്തിലേക്കാണെന്നും ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിലെ വാക്കുകളുടെ അർഥം മാത്രം അന്വേഷിച്ചാൽ മതിയെന്നും ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മാല്യ ബാഗ്ചി എന്നിവർ മുന്നറിയിപ്പ് നൽകി. സ്വയം വിലകളയാൻ നിൽക്കരുതെന്നും താക്കീതുനൽകി.
മഹ്മൂദാബാദിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന്റെ ആവശ്യത്തെ പരിഹാസത്തോടെ കോടതി തള്ളി. അന്വേഷണം പൂർത്തിയാക്കാൻ രണ്ടുമാസംകൂടി വേണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. എഫ്‌ഐആറിൽ കഴമ്പുണ്ടോ ഇല്ലയോ എന്ന് എപ്പോൾ വേണമെങ്കിലും പറയാനാകും. രണ്ടുമാസംകൊണ്ട് ഈ കേസ് തന്നെ അവസാനിപ്പിക്കാം–-ബെഞ്ച് വ്യക്തമാക്കി. ഹരിയാന പൊലീസ് അറസ്‌റ്റ് ചെയ്‌ത അധ്യാപകന് സുപ്രീംകോടതി ഇടപെട്ടാണ് ഇടക്കാല ജാമ്യം നൽകിയത്.









0 comments