'മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകി'; മുംബൈയിൽ യുവതി മരിച്ചു, ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ

മുംബൈ: മുംബൈയിൽ 24 കാരിയായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവും കുടുംബാംഗങ്ങളും അറസ്റ്റിൽ. പശ്ചിമ ഖാർ സ്വദേശിനിയായ നേഹ ഗുപ്തയാണ് മരിച്ചത്. വിവാഹ വാർഷികത്തിന് ഒരു മാസം മാത്രം ബാക്കിനിൽക്കെയാണ് യുവതിയുടെ മരണം. തന്നെ വിഷം നൽകി കൊല്ലാൻ ശ്രമിക്കുകയാണെന്നും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുകയാണെന്നും മരണത്തിന് മുമ്പ് യുവതി മാതാപിതാക്കളെ അറിയിച്ചിരുന്നു.
ഭർത്താവ് അരവിന്ദ് ഗുപ്ത ഉൾപ്പെടെ ആറ് പേരെ കൊലപാതകം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾക്കായി പോലീസ് കാത്തിരിക്കുകയാണ്.
നേഹ ഗുപ്തയെ 2025 ഒക്ടോബർ 16-ന് രാത്രിയാണ് അസ്വസ്ഥതകളോടെ ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുറച്ചു കഴിഞ്ഞ് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയച്ചു. വീട്ടിലെത്തി മണിക്കൂറുകൾക്കകം യുവതി കുഴഞ്ഞുവീണു. ഉടൻ തന്നെ വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അരവിന്ദ് ഗുപ്തയും നേഹയും 2024 നവംബർ 16-നാണ് വിവാഹിതരായത്.
തന്റെ മകളെ വിവാഹ ശേഷം ഭർത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചിരുന്നു എന്ന് നേഹയുടെ പിതാവ് രാധേശ്യാം ഗുപ്ത പൊലീസിന് മൊഴി നൽകി. വിവാഹ സമയത്ത് സ്വർണ്ണാഭരണങ്ങളായി 28 ലക്ഷം രൂപയുടെ സമ്മാനങ്ങളും, 9 ലക്ഷം രൂപ പണമായും മറ്റ് വീട്ടുപകരണങ്ങളായും നൽകിയിരുന്നു. എന്നിട്ടും അരവിന്ദ് ഗുപ്തയുടെ കുടുംബം കൂടുതൽ പണവും ഒരു റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളും ആവശ്യപ്പെട്ട് പീഡനം തുടർന്നു.
ഇതിനു വഴങ്ങാൻ നേഹ തയ്യാറാവാതിരുന്നതോടെ പീഡനം തുടർന്നു. തന്റെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയിരുന്നു എന്നും ഇത് കാരണം ഇടയ്ക്കിടെ ബോധം കെട്ട് വീഴാറുണ്ടായിരുന്നെന്നും നേഹ മാതാപിതാക്കളോട് പറഞ്ഞിരുന്നതായി കുടുംബം ആരോപിച്ചു. കൂടാതെ, തനിക്ക് മാനസികാസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ടെന്നും നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നും നേഹ പറഞ്ഞതായി പിതാവ് പൊലീസിനെ അറിയിച്ചു.
ഉത്തർപ്രദേശിലെ ഗാസിപ്പൂർ സ്വദേശിയായ അരവിന്ദ് ഗുപ്ത മുംബൈയിൽ ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം, വിഷം നൽകി മുറിവേൽപ്പിക്കൽ, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ആറുപേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫോറൻസിക് റിപ്പോർട്ടുകൾ കേസിൽ കൂടുതൽ വിവരങ്ങൾ നൽകുമെന്നും പോലീസ് അറിയിച്ചു.









0 comments